തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷർ കെ.ജയപാലനെ ബാലസംഘം ജില്ലാകൺവീനർ സ്ഥാനത്ത് നിന്നും സിപിഎം നീക്കിയത് ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതിയിലെന്ന് സൂചന. പെൺകുട്ടിയുടെ പരാതി ഉയർന്ന സാഹചര്യത്തിൽ ശിശുക്ഷേമ സമിതി ട്രഷറർ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധം. പരാതി ഉയർന്നതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കുകയായിരുന്നു.
കുട്ടികളുടെ അവകാശ സംരക്ഷണരംഗത്ത് പ്രവൃത്തി പരിചയം ഉള്ളവർക്കാണ് ശിശുക്ഷേമസമിതിയിൽ അംഗത്വം ലഭിക്കുന്നത്. ബാലസംഘത്തിന്റെ പ്രവൃത്തി പരിചയത്തിലാണ് ജയപാലൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ശിശുക്ഷേമ സമിതിയിൽ തുടരുന്നത്. അതേബാലസംഘത്തിൽ നിന്നുതന്നെയുള്ള പെൺകുട്ടിയുടെ പരാതിയിൽ മാറ്റി നിർത്തിയ ആളെ ശിശുക്ഷേമ സമിതിപോലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ ഭരണരംഗത്ത് നിർത്താനാകില്ല. കൂടാതെ ജയപാലനെതിരെ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വേനൽത്തുമ്പി കലാജാഥയ്‌ക്ക് വേണ്ടി പിരിച്ചെടുത്ത പണത്തിന്റെ കണക്കിൽ ക്രമക്കേടുണ്ടെന്ന്
പരാതി ഉയർന്നതോടെ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി യോഗത്തിൽ എത്തിയിരുന്നു. ജയപാലനെതിരെ സാമ്പത്തിക ക്രമക്കേടുണ്ടെന്നും കമ്മറ്റിയിൽ ആരോപണം ഉയർന്നെന്നാണ് സൂചന. വേനൽത്തുമ്പി കലാജാഥയ്‌ക്ക് വേണ്ടി ഏര്യാകമ്മറ്റികളിൽ നിന്നും പിരിച്ചെടുത്ത തുകയിലും ചെലവഴിച്ചലുമടക്കം ക്രമക്കേടുണ്ടെന്നാണ് സൂചന.ഇക്കാര്യം പരിശോധിക്കാമെന്നും കമ്മറ്റിയിൽ സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്. ബാലസംഘത്തിൽനിന്നുള്ള തുടർച്ചയായ പരാതികളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ജയപാലിനെ കൺവീനർ സ്ഥാനത്തു നിന്നു മാറ്റിയത്.
ശിശുക്ഷേമസമിതിയിൽ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യേണ്ട ആളാണ് ട്രഷറർ. സാമ്പത്തിക ക്രമക്കേട് ആരോപണം നിലനിൽകുന്ന ആൾ ആസ്ഥാനത്ത് തുടരുന്നത് ശിശുക്ഷേമസമിതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പേരൂർക്കട ഏരിയാ കമ്മിറ്റി അംഗമായ ജയപാലിനെ മുട്ടട ഉപതിരഞ്ഞെടുപ്പിൽ വോട്ടുകുറഞ്ഞതിന്റെ പേരിൽ പാർട്ടി താക്കീതും ചെയ്തിരുന്നു. കൂടാതെ ശിശുക്ഷേമസമിതിയിലെ ദത്ത് വിവാദം പാർട്ടിക്ക് വേണ്ടി അന്വേഷിച്ചതും ജയപാലും സംഘവുമായിരുന്നു. അതേസമയം സംസ്ഥാന ശിശുക്ഷേമസമിതി ട്രഷർ സ്ഥാനം കൂടി ഉള്ളതിനാലാണ് ജില്ലാ കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: