തൃശൂര്‍: ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതിന് കോണ്‍ഗ്രസ് പ്രവാസി നേതാവായ വ്യവസായിക്കെതിരെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു.
കാക്കനാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് ചാവക്കാട് അഞ്ചങ്ങാടി മല്ലൂര്‍ക്കയില്‍ വീട്ടില്‍ ബാലന് പവിക്കെതിരെ (പവിത്രന് – 55) വിശ്വാസവഞ്ചനക്ക് കേസെടുത്തത്. തൃശൂര്‍ ഇന്‍കാസ് ജില്ലാ പ്രസിഡന്റും ദുബായില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായ ബാലന് പവി ചാവക്കാട് സ്വദേശിയാണ്. ദുബായിയില്‍ കൊച്ചിന് സിഗ്നേച്ചര്‍ എന്ന റസ്റ്ററന്റ് താന്‍ ഏറ്റെടുക്കുന്നുണ്ടെന്നും ഇതില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തുമാണ് കാക്കനാട് സ്വദേശിയില്‍ നിന്ന് വ്യവസായി പലപ്പോഴായി 20 ലക്ഷം രൂപ കൈപ്പറ്റിയത്.
2019 ജൂണിനും ഒക്ടോബറിനും ഇടയ്ക്കാണ് തുക കൈമാറിയത്. പിന്നീട് താന്‍ അറിയാതെ ഹോട്ടല്‍ വില്‍ക്കുകയും 20 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുമാണ് കാക്കനാട് സ്വദേശിയുടെ പരാതി. ബാലന് പവി പലരില്‍ നിന്ന് സമാന രീതിയില്‍ ലക്ഷങ്ങള്‍ തട്ടിയതായും പരാതിക്കാരന് ആരോപിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് നേതൃത്വത്തെ പലതവണ സമീപിച്ചെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ബാലന് പവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി കോടതി തള്ളിയിരുന്നു.
വിദേശത്ത്, പ്രത്യേകിച്ച് ദുബായ് പോലുള്ള സ്ഥലങ്ങളില്‍, ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെന്ന് അറിയുന്നു. ഒന്നുകില്‍ ബിസിനസില്‍ പങ്കാളിത്തം കൊടുക്കാമെന്നു പറഞ്ഞ് അവരെക്കൊണ്ട് ബാങ്ക് വായ്പകള്‍ എടുപ്പിക്കുക, അല്ലെങ്കില്‍ വിസയോ ജോലിയോ വാഗ്ദാനം ചെയ്ത് പണം തട്ടുക തുടങ്ങിയ ഇടപാടുകളും ധാരാളമാണ്. ഇത്തരക്കാരുടെ വലയില്‍ വീഴുന്നവര്‍ക്ക്, പിന്നീട് ഗത്യന്തരമില്ലാതെ അവിടെ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരികയോ, സര്‍വ്വതും നഷ്ടപ്പെട്ട്, നാട്ടിലേക്ക് തിരിച്ചുപോ രേണ്ടിവരികയോ ചെയ്യണം. ഇതുപോലുള്ള തട്ടിപ്പ് സംഘങ്ങള്‍ പല കൂട്ടായ്മകളുടെ പേരിലും, മറവിലും നടക്കുന്നുണ്ടെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: