സ്വപ്‌നസുന്ദരി ഹേമമാലിനി ചലച്ചിത്ര രംഗത്തേക്ക് കടന്നത് രാജ് കപൂറിനൊപ്പം സപ്‌നോ കാ സൗദാഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ്. അക്കാലത്ത് കൗമാരപ്രായക്കാരിയായിരുന്ന ഹേമമാലിനിക്ക് പ്രായം നാല്‍പതുകളിലെത്തിയിരുന്ന രാജ് കപൂറിനൊപ്പം അഭിനയിക്കാന്‍ വൈമുഖ്യമുണ്ടായിരുന്നുവെന്നാണ് നടി തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുന്നത്.
എന്നാല്‍ അന്നത്തെ ഏറ്റവും വലിയ ഷോമാനായിരുന്ന രാജ്കപൂറിനൊപ്പം അഭിനയിക്കില്ലെന്ന പറയാന്‍ ആകുമായിരുന്നില്ലെന്നും നടി പറഞ്ഞു.
ഹേമ മാലിനി ചിത്രങ്ങളില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പ്രധാനമായും നടിയുടെ അമ്മയാണ്.
ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് താന്‍ വന്നതെന്നും സിനിമയില്‍ രാജ് കപൂറിനൊപ്പം റൊമാന്റിക് രംഗം അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും താരം പറഞ്ഞു. രാജ്കപൂറുമായുളള പ്രായവ്യത്യാസം ശ്രദ്ധിച്ചിരുന്നോ എന്ന് ചോദ്യത്തിന് ഉവ്വ് എന്ന് മറുപടി നല്‍കിയ നടി തനിക്ക് ലഭിച്ചത് വളരെ വലിയ അവസരമായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും പറഞ്ഞു.
രാജ് കപൂറിനെ ‘ഒരു നടനായി’ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം കഥാപാത്രത്തിന് തികച്ചും അനുയോജ്യനായിരുന്നുവെന്നും ഹേമ മാലിനി പറഞ്ഞു. രാജ്കപൂറിനൊപ്പം അഭിനയിക്കാന്‍ ഭയമുണ്ടായിരുന്നു.എന്നാല്‍ സംവിധായകന്‍ മഹേഷ് കൗള്‍ എപ്പോഴും സഹായത്തിനെത്തി. സംവിധായകന്‍ ഓരോ രംഗത്തിനും വേണ്ട കാര്യങ്ങള്‍ നൃത്തത്തിലൂടെയും മറ്റും നന്നായി പറഞ്ഞു മനസിലാക്കി നല്‍കിയിരുന്നു.
സിനിമയില്‍ എല്ലാ തരം വേഷങ്ങളും താന്‍ അഭിനയിക്കില്ലെന്ന് മേഖലയിലുളളവര്‍ക്കെല്ലാം അറിയുമായിരുന്നുവെന്നും ഹേമമാലിനി വെളിപ്പെടുത്തി.
സത്യം ശിവം സുന്ദരം എന്ന സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത രാജ് കപൂറിന് പോലും താന്‍ അത് ചെയ്യില്ലെന്ന് അറിയാമായിരുന്നു.വേഷം വാഗ്ദാനം ചെയ്ത് രാജ്കപൂര്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നും ഈ വേഷം മകള്‍ക്ക് പറ്റില്ലെന്ന് തന്റെ അമ്മ രാജ്കപൂറിനോട് വ്യക്തമായി പറയുകയും ചെയ്‌തെന്ന് നടി വെളിപ്പെടുത്തി. ഈ വേഷം പിന്നീട് സീനത്ത് അമന്‍ ചെയ്ത് വന്‍ സ്വീകാര്യത നേടിയതും ഹേമമാലിനി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: