എ.എം.ജോജിമോന്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. 82 കിലോമീറ്ററാണ് തീരദേശ ദൈര്‍ഘ്യം. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടും ഏറ്റവും കൂടുതല്‍ പേര് പണിയെടുക്കുന്ന ജില്ലയാണിത്. എന്നാല്‍ ആലപ്പുഴയുടെ തീരദേശത്ത് വികസന സാധ്യതകള്‍ അട്ടിമറിക്കപ്പെട്ടു. ഒപ്പം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമായിരുന്ന ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവും, കടല്‍ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസവും, മത്സ്യത്തൊഴിലാളി കുടുബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സഹായങ്ങളും, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു. കടല്‍ത്തീര മേഖലയിലെ തൊഴിലാളികള്‍ മാത്രമല്ല, ഉള്‍നാടന്‍ മത്സ്യമേഖലയും സമ്പൂര്‍ണമായി പ്രതിസന്ധിയിലാണ്.
സുനാമിക്ക് ശേഷം നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ബഹുഭൂരിപക്ഷവും പാലിക്കപ്പെട്ടില്ല. പിന്നീട് ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോഴും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, മാരാരിക്കുളം, ഒറ്റമശേരി, അന്ധകാരനഴി തുടങ്ങി തീരമേഖലകളില്‍ കടല്‍ക്ഷോഭം പതിവാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് കാലവര്‍ഷക്കാലത്ത് ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടുന്നത്. പുറക്കാട് മേഖലയില്‍ വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. നിരവധി വീടുകള്‍ കടലെടുത്തിട്ടും കടല്‍ഭിത്തി പോലും എല്ലായിടത്തും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറക്കാട്, അമ്പലപ്പുഴ, ഒറ്റമശേരി പ്രദേശങ്ങളില്‍ കടല്‍ഭിത്തി അപൂര്‍ണമാണ്. കടല്‍ഭിത്തി ഉള്ളയിടങ്ങളിലാകട്ടെ തകര്‍ന്നു കിടക്കുകയാണ്.
അതിശക്തമായ കടല്‍ക്ഷോഭം ആരംഭിക്കുന്നതോടെ കടല്‍ തീരത്തു സ്ഥിതിചെയ്യുന്ന വീടുകള്‍ പൂര്‍ണ്ണമായും കടല്‍ കവരുന്നത് നിത്യസംഭവമായി കഴിഞ്ഞു. പിണറായി സര്‍ക്കാരിനു മുന്‍പുവരെ ഇത്തരത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ അതേ കാലത്തെ സര്‍ക്കാരുകള്‍ സ്വന്തമായി സ്ഥലം കണ്ടെത്തുകയും അവിടെ ഇവര്‍ക്ക് വീടുവെച്ച് നല്‍കിയുമായിരുന്നു പുനരധിവാസം ഉറപ്പാക്കിയിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനം ഇപ്പോള്‍ അവസാനിപ്പിക്കുകയും പുനര്‍ഗേഹം എന്ന പദ്ധതി പ്രഖ്യാപിച്ച് ഇവര്‍ക്ക് പത്ത് ലക്ഷം രൂപ മാത്രം നല്കി സര്‍ക്കാര്‍ കൈയൊഴിയുകയുമാണ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ഉപയോഗിച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അനുവദിക്കുന്ന തുകയില്‍ ആറു ലക്ഷം രൂപ ഭൂമി വാങ്ങാനും, നാല് ലക്ഷം രൂപ വീട് നിര്‍മ്മിക്കാനുമാണ് നല്‍കുന്നത്. എന്നാല്‍ ഒരു സെന്റ് ഭൂമിക്ക് മൂന്നു മുതല്‍ നാല് ലക്ഷം വരെ വിലയുണ്ടന്നിരിക്കെ ഇവര്‍ക്ക് താമസ യോഗ്യമായ ഭൂമി വാങ്ങാന്‍ സാധിക്കാതെ വരികയും കിടപ്പാടം നഷ്ടപ്പെട്ട പ്രദേശം വിട്ട് താമസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ പോയി ഭൂമി വാങ്ങേണ്ട അവസ്ഥയുമാണ് നിലനില്‍ക്കുന്നത്. വാങ്ങിയ ഭൂമിയില്‍ വീട് നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ തുക തികയാത്തതിനാല്‍ പാതി വഴിയില്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള നിരവധി വീടുകളാണ് തോട്ടപ്പള്ളിയിലെ മണ്ണുംപുറം കോളനിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് . ഇവര്‍ പിന്നീട് വാടക വീടുകളിലോ, ബന്ധു വീടുകളിലോ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും വൃദ്ധജനങ്ങളുമായി കഴിയേണ്ടിവരുന്നു. തുക തികയാത്തതിനാല്‍ പുനര്‍ഗേഹം പദ്ധതിയുടെ സഹായം വാങ്ങാത്തവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും റെയില്‍വേ പുറംപോക്കുകളിലും വര്‍ഷങ്ങളായി കഴിയുന്നത് ദയനീയ കാഴ്ചയാണ്.
ദിനംപ്രതി ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ട് നിര്‍മ്മാണം ആരംഭിച്ച തോട്ടപ്പള്ളിയിലെ ഫിഷിങ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോടികള്‍ വകയിരുത്തി തോട്ടപ്പള്ളിയില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ എന്ന പേരില്‍ തോട്ടപ്പള്ളി ഹാര്‍ബറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാരിസ്ഥിതിക അനുമതി ലഭിക്കാതിരുന്നതിനാല്‍ അന്ന് പുലിമുട്ടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കേന്ദ്രത്തില്‍ വാജ്പേയ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പുലിമുട്ട് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു.
എന്നാല്‍ ഹാര്‍ബറിന്റെ നിര്‍മ്മാണം തന്നെ അശാസ്ത്രീയമാണന്നും ഇത് പൂര്‍ത്തിയായാല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇതിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് കൂട്ടാക്കാതെയാണ് കോടികള്‍ പാഴാക്കി ഇന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തോട്ടപ്പള്ളി ഹാര്‍ബര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ നിര്മ്മിച്ചിരുന്നുവെങ്കില് ദിനം പ്രതി ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നു. ഇതോടൊപ്പം ചെല്ലാനം മുതല്‍ തെക്കോട്ടും, തൃക്കുന്നപ്പുഴ മുതല്‍ വടക്കോട്ടുമുള്ള വള്ളങ്ങള്‍ക്കും, ബോട്ടുകള്‍ക്കും ഇവിടെ എത്തി മത്സ്യം വില്ക്കുവാന് സാധിക്കുമായിരുന്നു. ഹാര്‍ബര്‍ പ്രയോജനപ്പെടാതായതോടെ പ്രദേശത്തെ മത്സ്യഗ്രാമങ്ങളിലുണ്ടായിരുന്ന 15 മുതല്‍ 30 പേര് വരെ പോകുന്ന നൂറുകണക്കിന് ഔട്ട് ബോര്‍ഡ് വള്ളങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതോടെ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. നിലവില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം തട്ടുവാനുള്ള വെള്ളാനയായി തോട്ടപ്പള്ളി ഹാര്‍ബര്‍ മാറി. ഇതോടൊപ്പം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കരിമണല്‍ ഖനനവും തീരവാസികള്‍ക്ക് ഭീഷണിയായി. മത്സ്യബന്ധന യാനങ്ങളേക്കാള്‍ പ്രാധാന്യം കരിമണല്‍ ഖനനത്തിന് നല്‍കിയതോടെയാണ് ഇവിടുത്തെ വികസനം അട്ടിമറിക്കപ്പെടുവാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്.
ഇന്‍ഷുറന്‍സ് പദ്ധതി സ്വാധീനമുള്ളവര്‍ക്കു മാത്രം
മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കായി നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും സാധാരണക്കാര്‍ക്ക് അന്യമാവുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സഹകരണ സംഘങ്ങള്‍വഴി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിരിക്കുന്നതുകാരണമാണ് സാധാരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്തത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ ഇത്തരം സംഘങ്ങളില്‍ അംഗത്വം എടുക്കാതിരിക്കുകയോ, അംഗത്വം എടുക്കുവാന്‍ എത്തുന്നവര്‍ക്ക് രാഷ്ട്രീയ നിറം നോക്കി അംഗത്വം നല്കാതിരിക്കുകയോ ചെയ്യുന്നതോടെ ഇവര്‍ക്ക് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് ആനുകൂല്യം അട്ടിമറിക്കപ്പെടുന്നു.
കടല്‍ഭിത്തി നിര്‍മ്മാണം
കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ സര്‍ക്കാരുകള്‍ കാട്ടിയ കടുത്ത അവഗണനയാണ് തീരം നഷ്ടപ്പെടുവാന്‍ പ്രധാനകാരണം. പതിറ്റാണ്ടുകളായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ കിലോമീറ്ററുകളോളം ഭൂമി നഷ്ടപ്പെടുകയും ആയിരക്കണക്കിന് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടും ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ഇതിനെ പ്രതിരോധിക്കുവാന്‍ ഒരു സര്‍ക്കാരും തയാറായിട്ടില്ല. ആലപ്പുഴയിലെ പ്രധാന തീരദേശ ഗ്രാമമായ പുറക്കാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏതു സമയവും കടല്‍ എടുക്കാവുന്ന അവസ്ഥയിലാണ്. പുറക്കാട് ജംഗ്ഷന് മുതല്‍ ഒറ്റപ്പന വരെയുള്ള പ്രദേശങ്ങളില്‍ കടലും ദേശീയപാതയും തമ്മിലുള്ള ദൂരം 100 മീറ്ററില്‍ താഴെ മാത്രമാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ നിലവിലെ കടല്‍ഭിത്തിയുടെ മുകളില്‍ പുതിയ കല്ലുകള്‍ നിരത്തുവാനോ ദേശീയപാതയുടെ പ്രാധാന്യം മനസിലാക്കി ടെട്രോ പാഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുവാനോ സര്‍ക്കാരുകള്‍ തയാറായിട്ടില്ല. 50 വര്‍ഷം മുന്‍പ് ആയിരകണക്കിന് കുടുബങ്ങള്‍ ഈ കടല്‍ ഭിത്തിക്ക് പടിഞ്ഞാറ് താമസിച്ചിരുന്നു. എന്നാല്‍ ഇന്ന് കരപൂര്‍ണ്ണമായും നഷ്ടപ്പെട്ട് തിരമാലകള്‍ കടല്‍ഭിത്തിക്ക് മുകളിലേക്കാണ് അടിച്ചു കയറുന്നത്.
സമാശ്വാസ പദ്ധതി അട്ടിമറിക്കുന്നു
മുന്‍ സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി അവിഷ്കരിച്ച പദ്ധതികളായിരുന്നു തണല്‍, സമ്പാദ്യ സമാശ്വാസം എന്നിവ. ജൂണ്‍ ജൂലൈ മാസങ്ങളിലുണ്ടാകുന്ന കടല്‍ക്ഷോഭം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 1500 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഈ തുക കഴിഞ്ഞ 6 വര്‍ഷം മുന്‍പേ നിര്‍ത്തലാക്കി. നിലവിലുള്ള സമ്പാദ്യസമാശ്വാസ പദ്ധതിയും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമവും ഫലം കണ്ടുതുടങ്ങി. മൂന്ന് ഗഡുക്കളായി 1500 രൂപ വാങ്ങി ഉപഭോക്തൃവിഹിതവും, കേന്ദ്ര വിഹിതവും, സംസ്ഥാന വിഹിതവും ചേര്‍ത്ത് പഞ്ഞമാസത്തില്‍ 4500 രൂപ നല്കുന്ന പദ്ധതിയാണ് സമ്പാദ്യസമാശ്വാസം.
കഴിഞ്ഞ കുറെ നാളുകളായി ഈ പദ്ധതിയും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. പദ്ധതിയില്‍ ചേരുന്നവരുടെ എണ്ണം കുറയ്ക്കുവാന്‍ ലഷ്യമിട്ട് മുന്‍കാലത്ത് നാല് ഗഡുക്കളായി എടുത്തിരുന്ന തുക മൂന്ന് ഗഡുക്കളാക്കുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ തുക സ്വീകരിക്കുകയും ചെയ്യുന്നതോടെ ആയിരക്കണക്കിന് അംഗങ്ങളാണ് എല്ലാ വര്‍ഷവും പദ്ധതിയില്‍ നിന്ന് പുറത്താകുന്നത്. സമ്പാദ്യസമാശ്വാസ പദ്ധതിയില്‍ തുക അടച്ചവര്‍ക്ക് കേന്ദ്ര വിഹിതം നേരിട്ട് ഓരോരുത്തരുടേയും അക്കൗണ്ടുകളില്‍ എത്തി മാസങ്ങള്‍ കഴിഞ്ഞാലും സംസ്ഥാന വിഹിതം നല്കുവാന് കേരള സര്‍ക്കാര്‍ തയാറാകുന്നില്ല എന്നും ആക്ഷേപമുണ്ട്. വരും നാളുകളില്‍ ഈ പദ്ധതിയും അട്ടിമറിക്കപ്പെടും.
സ്കോളര്‍ഷിപ്പുകള്‍ നിഷേധിക്കുന്നു
ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്തുപോലും മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിനായി വിവിധ തരത്തിലുള്ള സ്കോളര്‍ഷിപ്പുകള്‍ നിലവിലുണ്ടായിരുന്നുവെന്നും കോഴിക്കോട് ജില്ലയിലെ റാവു ബഹദൂര്‍ വി.വി. ഗോവിന്ദന് അടക്കമുള്ളവര്‍ ഇതിന് തെളിവാണെന്നും മത്സ്യത്തൊഴിലാളി നേതാക്കള്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ ഇന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠന സ്കോളര്‍ഷിപ്പുകള്‍ക്കായി ഫിഷറീസ് ഓഫീസുകളില്‍ എത്തിയാല്‍ ഇത്തരം പദ്ധതികള്‍ നിര്‍ത്തലാക്കിയെന്നോ പദ്ധതിയെ കുറിച്ചറിയില്ലന്നോ ഉള്ള മറുപടിയാണ് ലഭിക്കുന്നത്. ഇക്കാരണത്താല്‍ തീരമേഖലയിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കും തുരങ്കം വെയ്ക്കുന്ന നയമാണ് സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: