തലേന്നും പിറ്റേന്നുമായി നാല് കോടതി വിധികളാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഉണ്ടായിരിക്കുന്നത്. കോട്ടയം തിരുവാര്‍പ്പില്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവുണ്ടായിട്ടും ബസ്സുടമയെ സിഐടിയു നേതാവ് മര്‍ദ്ദിച്ചതിനെതിരെ നിശിത വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് നടത്തിയിരിക്കുന്നത്. സിഐടിയു നേതാവിന്റെ അടിയേറ്റത് യഥാര്‍ത്ഥത്തില്‍ ഹൈക്കോടതിയുടെ കരണത്താണെന്നും, പോലീസ് അവിടെ നടത്തിയത് ഒരു നാടകമാണെന്നും പറഞ്ഞ കോടതി, ഗുരുതരമായ ഈ വീഴ്ചക്കെതിരെ പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ‘മറുനാടന്‍ മലയാളി’ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥന് ഷാജന് സ്കറിയക്കെതിരായ മാനനഷ്ടക്കേസില്‍ മറ്റ് മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതിനെതിരെയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പോലീസിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുക്കരുതെന്ന് പറഞ്ഞ കോടതി, ഏത് സാഹചര്യത്തിലാണ് മൊബൈലുകള്‍ പിടിച്ചെടുത്തതെന്ന് കാണിച്ച് സത്യവാങ്മൂലം നല്കാന് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ‘മറുനാടന്‍ മലയാളി’യുടെ ഉടമസ്ഥനായ ഷാജന് സ്കറിയയെ ഏതുവിധേനയും അറസ്റ്റു ചെയ്ത് ജയിയിലടയ്ക്കാന്‍ നടന്ന സര്‍ക്കാരിനും പോലീസിനും തിരിച്ചടിയാണ് ഷാജന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ്. ഷാജനെതിരെ എടുത്ത മാനനഷ്ടക്കേസ് പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും പിണറായി സര്‍ക്കാരിന്റെ കള്ളക്കളി പൊളിക്കുന്നതാണ്.
ഇടതു എംഎല്‍എ പി.വി.അന്‍വറിന്റെ കുടുംബം അനധികൃതമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതാണ് സര്‍ക്കാരിനേറ്റ നാലാമത്തെ തിരിച്ചടി. അന്‍വറും കുടുംബവും നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ 2020 ല്‍ ഹൈക്കോടതി ഉത്തരവിട്ടതാണ്. ഇത് നടപ്പാക്കിയില്ലെന്ന് കാണിച്ച് പരാതിക്കാരന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ആറുമാസത്തിനുള്ളില്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് രണ്ടാമതും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതും പാലിക്കാത്തതിനെത്തുടര്‍ന്ന് പരാതിക്കാരന് വീണ്ടും സമീപിച്ചപ്പോഴാണ് കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇതേ അന്‍വറിന്റെ അന്ത്യശാസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഷാജന് സ്കറിയയ്ക്കും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് യുദ്ധകാലാടിസ്ഥാനത്തില്‍ നിയമ വിരുദ്ധ നടപടികളുമായി മുന്നോട്ടുപോയത്. കോടതിയിലും നിയമവാഴ്ചയിലുമൊന്നുമല്ല സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പിന്തുണയ്ക്കുന്ന അഴിമതിക്കാരിലും കള്ളപ്പണക്കാരിലും തീവ്രവാദികളിലും മറ്റുമാണ് സര്‍ക്കാരിന് വിശ്വാസമെന്ന് ഇത് കാണിക്കുന്നു. കോടതികള്‍ക്ക് വിധികള്‍ പറയാം. പക്ഷേ അതെല്ലാം അനുസരിക്കുമെന്ന് കരുതാന്‍ പാടില്ല. ഞങ്ങള്‍ക്ക് സ്വന്തം നിയമവും രീതികളുമുണ്ട്. അതാണ് നടപ്പാക്കുക. കോടതിയുടെ തീര്‍പ്പുകള്‍ വരും പോകും. ഞങ്ങളെ തടയാന്‍ അതിന് കഴിയില്ല. ഇതാണ് പിണറായി സര്‍ക്കാര്‍ പറയാതെ പറയുന്നത്.
നിയമപാലകരായ പോലീസ് എത്രമാത്രം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അനിഷേധ്യമായ തെളിവുകളാണ് ഈ കോടതി വിധികള്‍. ഏതെങ്കിലും പ്രശ്നത്തില്‍ പോലീസിനെ ദുരുപയോഗിക്കുക മാത്രമല്ല, ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെയും പിണറായി വിജയന്റെയും സ്ഥാപിതതാല്‍പ്പര്യം സംരക്ഷിക്കുന്ന സ്വകാര്യസേനയായി പോലീസ് അധഃപതിച്ചിരിക്കുന്നു. ഏത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കും. പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ ഏത് കൊടുംകുറ്റവാളിയെയും സംരക്ഷിക്കും. അതിന് ഏതറ്റം വരെയും പോകും. എസ്എഫ്ഐ നേതാക്കളുടെ വിദ്യാഭ്യാസ തട്ടിപ്പുകളുടെ കാര്യത്തില്‍ പോലീസിന്റെ ഇടപെടല്‍ അവരെ തന്ത്രപരമായി രക്ഷിച്ചെടുക്കാനുള്ളതാണ്. തിരുവാര്‍പ്പില്‍ ബസ്സുടമയെ സിഐടിയു നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമം അപ്രതീക്ഷിതമാണെന്ന വിശദീകരണമാണ് പോലീസ് നല്‍കിയത്. പോലീസ് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഈ വിശദീകരണം. കോടതിയെ കബളിപ്പിക്കാനുള്ള സമര്‍ത്ഥമായ തന്ത്രം. കോടതിയോടും നിയമത്തോടുമല്ല, പിണറായി വിജയന് എന്ന രാഷ്ട്രീയ നേതാവിനോടും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുമാണ് പോലീസിന് വിധേയത്വം. ഇതനുസരിച്ചാണ് പോലീസിലെ സ്ഥലംമാറ്റങ്ങളും പ്രമോഷനുമൊക്കെ തീരുമാനിക്കപ്പെടുന്നത്. ചെങ്കൊടിയേന്തിയവര്‍ തങ്ങളെ ആക്രമിച്ചാല്‍ പോലും പോലീസ് നിഷ്ക്രിയമാണ്. ഇവര്‍ക്ക് എങ്ങനെ നിഷ്പക്ഷമായും നിയമപരമായും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: