ന്യൂദല്‍ഹി: ഇഡി ഡയറക്ടറുടെ കാലാവധി ഇനിയും നീട്ടേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും താക്കീത് നല്കി അമിത് ഷാ. ആരും സുപ്രീംകോടതി വിധി അത്രയ്ക്ക് ആഘോഷിയ്ക്കേണ്ടെന്നും ബോസ് ആരാണെന്നത് ഇഡിയ്ക്ക് വിഷയമല്ലെന്നും അമിത് ഷാ പറഞ്ഞു. “സുപ്രീംകോടതിവിധിയില്‍ അതിരുകവിഞ്ഞ് സന്തോഷിയ്ക്കുക എന്നത് ഒരു മിഥ്യാബോധം മാത്രമാണ്”- കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ താക്കീത് ചെയ്ത് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഇഡി ഡയറക്ടറായി ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്തിരുന്നു. മൂന്നാമതും കാലാവധി നീട്ടിക്കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സുപ്രീംകോടതി ചൊവ്വാഴ്ച അതിനെതിരെ വിധി പ്രസ്താവിച്ചത്. സുപ്രീംകോടതിയുടെ ഈ തീരുമാനത്തെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആഘോഷപൂര്‍വ്വം സ്വാഗതം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ ഈ വിധി തിരിച്ചടിയാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തിയത്.
അമിത് ഷായുടെ ട്വീറ്റ്:
“ഇഡി എന്ന സ്ഥാപനം വ്യക്തികള്‍ക്ക് മുകളില്‍ നിലകൊള്ളുന്ന ഒന്നാണ്. അതിന്റെ പ്രധാന ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ വിനിമയച്ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ അന്വേഷിക്കലാണ്. ആരാണ് ഇഡി ഡയറക്ടര്‍ എന്നത് പ്രധാനമല്ല. ഇഡിയുടെ തലവന്‍ ആരെന്നത് പ്രശ്നമല്ല; ആരായാലും വികസന വിരുദ്ധ മനസ്സുമായി കഴിയുന്ന ‘കുടുംബവാഴ്ച’ക്കാരുടെ അഴിമതി നോട്ടമിടും: നിയമലഘകര്ക്കെതിരെ നടപടിയെടുക്കാന്‍ ഇഡിക്കുള്ള അധികാരത്തില്‍ മാറ്റമില്ല “- ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു.
കുടുംബവാഴ്ചയുടെ തണലില്‍ എല്ലാ തരം അഴിമതിയുമായി മുന്നോട്ട് പോകുന്ന ഗാന്ധി കുടുംബത്തിനും പരിവാരങ്ങള്‍ക്കും എതിരെ ശക്തമായ ട്വീറ്റാണ് അമിത് ഷാ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: