തിരുവനന്തപുരം: മാധ്യമങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിച്ചുകളി തുടരുന്നു. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിട്ട് 152 ദിവസം പിന്നിടുന്നു. വിവാദ വിഷയങ്ങളിലടക്കം പ്രതികരണം സോഷ്യല്‍മീഡിയ വഴി മാത്രം.
അധിക ഇന്ധന സെസ്സിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഫെബ്രുവരി 9ന് ആണ് മുഖ്യന്ത്രി അവസാനമായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. സാധാരണ വിദേശ യാത്രകഴിഞ്ഞ് മടങ്ങിയെത്തിയാല്‍ പിറ്റേദിവസം നേട്ടങ്ങള്‍ വിവരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഒരു മാസമായിട്ടും മാധ്യമങ്ങളെ കണ്ടിട്ടില്ല. കൊവിഡ് സമയത്ത് എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴയും പനിയും വര്‍ധിച്ചിട്ടും വാര്‍ത്താ സമ്മേളനത്തിന് മുഖ്യമന്ത്രി തയാറായിട്ടില്ല. അതേസമയം പൊതുപരിപാടികളില്‍ കെ ഫോണ്‍ വിവാദത്തിലടക്കം മറുപടി നല്‍കുകയും ചെയ്തു.
പൊതുസിവില്കോഡിലും മുഖ്യമന്ത്രി പ്രതികരിച്ചത് സാമൂഹ മാധ്യമത്തിലൂടെയാണ്. വിവാദങ്ങളിലും ആരോപണങ്ങളിലും സമൂഹമാധ്യമത്തില്പോലും മൗനമാണ്. എസ്എഫ്ഐ നേതാക്കളുടെ വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ സര്‍ട്ടിഫിക്കറ്റിലെ പിജി പ്രവേശനം, ദേശാഭിമാനി മുന്‍ എഡിറ്റോറിയല്‍ അംഗം ജി. ശക്തിധരന്റെ ആരോപണങ്ങള്‍, മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകെരയും പോലീസ് വേട്ടയാടുന്നത് അടക്കമുള്ളവയില്‍ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭായോഗം കഴിഞ്ഞാല്‍ മാധ്യമങ്ങളോട് പ്രധാന തീരുമാനങ്ങള്‍ വിവരിക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പബ്ലിക് റിലേഷലന് വകുപ്പ് വഴി മതിയെന്ന് തീരുമാനിച്ചു. മാത്രമല്ല ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പൊതു പരിപാടികള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന രീതിയും മുഖ്യമന്ത്രി വേണ്ടെന്ന് വച്ചിരുന്നു. ഇതിന് പുറമെയാണ് അഞ്ച് മാസമായി മാധ്യമങ്ങളെ കാണാതെ ഒളിച്ചോടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: