തിരുവനന്തപുരം : മുതലപ്പൊഴിയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. സുരേഷ് ഫര്‍ണാണ്ടസ് എന്ന ബിജുവിന്റെ(58) മൃതദേഹമാണ് കണ്ടെത്തിയത്. പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതോടെ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്്. നാല് പേരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ പുലര്‍ച്ചെ 4 മണിയോടെയാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചു. പ്രദേശത്തിപ്പോഴും മത്സ്യതൊഴിലാളികളും മറൈന്‍ ഇന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയാണ്. പുലിമുട്ടിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര് അനില്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് തിരികെ പോകുന്നതിനിടെയാണ് മന്ത്രിമാരെ തടഞ്ഞത്. വി ജോയി എംഎല്‍എ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐഎഎസ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളെ തടയാന്‍ ആഹ്വാനം ചെയ്ത് ഫാദര്‍ യുജീന് പേരേരയാണെന്നും ഫാദര്‍ യുജീന് പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നുമായിരുന്നു മന്ത്രിമാരുടെ വാര്‍ത്താ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: