കൊല്‍ക്കത്ത : ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. രാവിലെ എട്ട് മുതല്‍ 339 കേന്ദ്രങ്ങളിലായാണ് വോട്ട് എണ്ണല്‍ നടക്കുന്നത്. കേന്ദ്രസേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടുകള്‍ എണ്ണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്.
ഗ്രാമ പഞ്ചായത്ത്, ജില്ലാ സമിതികള്‍, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലായി 73,887 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 80.71 ശതമാനം പോളിങ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് നിരവധി സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. 19പേര് ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ബാലറ്റ്പെട്ടി കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതോടെ അഞ്ച് ജില്ലകളിലെ 696 ബൂത്തുകളില്‍ റീപോളിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉപതെരഞ്ഞെടുപ്പുകളിലുമുണ്ടായി.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ ആനന്ദബോസ് പ്രശ്നബാധിത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തേത് സമാനതകളില്ലാത്ത സംഘര്ഷമായിരുന്നുവെന്നായിരുന്നു ഗവര്‍ണറുടെ വിലയിരുത്തല്‍.
നോര്‍ത്ത് 24 പര്‍ഗാനാസിലെ ബസുദേബ്പൂരിലെ പോളിങ് ബൂത്തുകളിലേക്കാണ് സി വി ആനന്ദ ബോസെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ കണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളും അറിയിച്ചിരുന്നു. ബുള്ളറ്റുകള്‍ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: