കുമരകം: വിതക്കേണ്ട വിത്തും വിതച്ച് നടീല്‍ പ്രായമായ നെല്‍ച്ചെടികളും നശിച്ച കര്‍ഷകര്‍ ദുരിതക്കയത്തില്‍. നാനുറ് ഏക്കറുള്ള പുതിയാട്, പുങ്കേശേരി, കരീത്ര, മങ്കുഴി പാടത്ത് കഴിഞ്ഞ ദിവസം വിത നിശ്ചയിച്ചിരുന്നു. എന്നാല്‍ മഴയും വെള്ളപ്പൊക്കവും അതിശക്തമായതോടെ വിതയ്ക്കാനായില്ല. പുറംബണ്ട് കവിഞ്ഞ് വെള്ളവും പായലും കയറിയ പാടം പുറത്തെ ജലനിരപ്പിന് ഇപ്പോള്‍ ഒപ്പനിരപ്പായി. വിതയ്ക്കാന്‍ കിളിര്‍പ്പിച്ച നെല്‍ വിത്ത് നശിച്ചു പോകാനാണ് സാധ്യത. ഇത്രയും വലിയ പാടത്ത് ബണ്ട് ബലപ്പെടുത്തി പാടം തിങ്ങി നിറഞ്ഞ പോള നീക്കി വീണ്ടും വിതയ്ക്കാന്‍ കഴിയില്ല.
ഏക്കറിന് 60 കിലോ വീതം മുളപ്പിച്ച കര്ഷകരാണധികവും. കിളിര്‍പ്പിച്ച വിത്ത് വീണ്ടും ഉണക്കി സൂക്ഷിച്ചതു കൊണ്ടു പ്രയോജനം ഒന്നുമില്ല. എങ്കിലും മച്ചിന് മുകളിലും മറ്റു സൗകര്യ സ്ഥലങ്ങളിലും വിത്ത് നിരത്തി ഉണക്കുകയാണ് കര്‍ഷകര്‍. അവല് ഇടിക്കാന്‍ ഉത്തമമാണ് കിളിര്‍ത്ത നല്ല്. വീണ്ടും വെള്ളം വറ്റിച്ച് വര്‍ഷ കൃഷി ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് പാടശേഖര പ്രസിഡന്റ് ഗിരീഷും ഗ്രൂപ്പ് ഫാം സെക്രട്ടറി പ്രസാദും പറഞ്ഞു.
പുതുക്കാട്ട് 50 (കീറ്റു പാടം)
കോട്ടയം കുമരകം റോഡിന്റെ രണ്ടാം കലുങ്കിനോട് ചേര്‍ന്നു കിടക്കുന്ന കീറ്റുപാടം എന്നറിയപ്പെടുന്ന പുതുക്കാട്. 50 പാടം വിത കഴിഞ്ഞിട്ട് മൂന്നാഴ്ചയായി. ഇവിടെ ബണ്ട് കവിഞ്ഞ് വെള്ളം കയറി നെല്‍ച്ചെടികള്‍ ചീഞ്ഞു നശിച്ചു തുടങ്ങി. വൈദ്യുതി മുടക്കമാണ് കീറ്റു പാടത്തെ കര്‍ഷകരുടെ നെല്‍ച്ചെടികള്‍ നശിക്കാന്‍ പ്രധാന കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. ആദ്യ വളവും കളനാശിനിയും പ്രയോഗിച്ച് നടീല്‍ ആരംഭിക്കാനിരിക്കെയാണ് കനത്ത മഴയുടെയും വൈദ്യുതി മുടക്കത്തിന്റേയും ആരംഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: