ന്യൂദല്‍ഹി: ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെതുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവും എംഎല്‍എയുമായ സുവേന്ദു അധികാരി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളില്‍ ഏതാണ്ട് രണ്ടായിരത്തോളം ബൂത്തുകള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ തൃണമൂല്‍ ഗുണ്ടകള്‍ പിടിച്ചെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരെയും സ്മൃതി രൂക്ഷവിമര്‍ശനമുന്നയിച്ചു. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ ഹനിക്കുന്നതിനാണ് ജനങ്ങള്‍ സാക്ഷിയായത്. തങ്ങളുടെ ജനാധിപത്യ അവകാശം നേടാനെത്തിയ ജനങ്ങളവിടെ കൊല്ലപ്പെട്ടു. ഈ അതിക്രമങ്ങള്‍ കാണിച്ചുകൂട്ടിയ തൃണമൂലിനൊപ്പം കൈകോര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്.
തൃണമൂലിനൊപ്പം ചേര്‍ന്നതോടെ ഈ അക്രമങ്ങളെല്ലാം കോണ്‍ഗ്രസ് അംഗീകരിക്കുകയാണോ? മരണത്തിന്റെ ഈ കളി രാഹുലും അംഗീകരിക്കുകയാണോ? സ്മൃതി ഇറാനി ചോദിച്ചു. ബംഗാള്‍ അതിക്രമത്തില്‍ സോണിയ കുടുംബം ഇതുവരെ പ്രതികരിച്ചില്ലെങ്കിലും മമതയുടെ കൈകള്‍ രക്തം നിറഞ്ഞതാണെന്ന് ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബാലറ്റ് പെട്ടികളില്‍ കൃത്രിമം കാട്ടുന്നുണ്ടെന്നാരോപിച്ച് ഹാല്‍ദിയ-മചേഡ സംസ്ഥാനപാത ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: