തിരുവനന്തപുരം: പലരും ആവശ്യങ്ങള്‍ക്കായാണ് ബിജെപിയില്‍ വരുന്നതെന്നും അവരുടെ ആവശ്യം നടക്കാതാകുമ്പോള്‍ പാര്‍ട്ടി വിട്ട് പോവുകയാണെന്നും ഭീമന് രഘു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബിജെപി വിട്ടതിനെ പരോക്ഷമായി പരിഹസിച്ച് നടനും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ മറുപടി. ഈയിടെ സംവിധായകന് രാജസേനനും ബിജെപി വിട്ടിരുന്നു.
“ചിലര്‍ ആവേശം കൊണ്ട് പാര്‍ട്ടിയില്‍ വരും. അവര്‍ ഉദ്ദേശിച്ച ആവേശം കാണാതാവുമ്പോഴും പാര്‍ട്ടി വിട്ടുപോകും. മൂന്നാമതൊരു കൂട്ടര് ആദര്‍ശവുമായി വരും. അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്നും പല പ്രശ്നങ്ങളുമുണ്ടാവും. പക്ഷെ അവര്‍ പാര്‍ട്ടിയില്‍ നിന്നും ഒരു കാരണവശാലും വിട്ടുപോകില്ല. 1980 മുതല്‍ സംഘത്തിന്റെ ഭാഗമായിരുന്നു ഞാന്‍. ബിജെപി വിടേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ തനിക്കില്ല”- കൃഷ്ണകുമാർ പറഞ്ഞു. “പാർട്ടി പരിപാടിയിൽ കസേര കിട്ടിയില്ല എന്ന് പരാതിപ്പെട്ടതായി വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. സോഷ്യല്‍ മീഡിയയില്‍ പലതും എഴുതി വിടും. അതില്‍ 80 ശതമാനവും ഫേക്കാണ്. തന്തയില്ലാതെ ജനിക്കുന്ന വാര്‍ത്തകളാണ്. പാര്‍ട്ടി വിട്ട് പോകേണ്ട ഒരു സാഹചര്യവും എന്റെ മുന്നിലില്ല”- കൃഷ്ണകുമാർ പറഞ്ഞു.
”പരിപാടിയില്‍ കസേര കിട്ടിയില്ല എന്ന് ഞാന്‍ പരാതിപ്പെട്ടിട്ടില്ല. ഞാന്‍ എവിടെയെങ്കിലും അങ്ങനെ പരാതി പറഞ്ഞതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ” -കൃഷ്ണകുമാര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: