തൃശ്ശൂര്‍: പൊതു സിവില്‍ കോഡ് മുന്‍നിര്‍ത്തി മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന് എല്ലാ അടവും പുറത്തെടുത്ത് സിപിഎം. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിനെ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം. ലീഗിനോട് ഒരു തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആവര്‍ത്തിക്കുന്നത് പരസ്യമായ ക്ഷണമാണ്. ലീഗ് എടുക്കുന്ന ശരിയായ നിലപാടുകളെ സിപിഎം പിന്തുണയ്ക്കുമെന്നും ഇന്നലെ ഗോവിന്ദന് പറഞ്ഞു.
ഇകെ വിഭാഗം സമസ്ത ഇതിനകംതന്നെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം സെമിനാറുകളില്‍ പങ്കെടുക്കുമെന്നും യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്ലിം ലീഗിന്റെ അണികളില്‍ ഭൂരിഭാഗവും ഇകെ വിഭാഗവുമായി ബന്ധപ്പെട്ടവരാണ്. സമസ്തയുടെ നിലപാട് ലീഗിനെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മിന്റെ നീക്കം.
തീവ്ര വര്‍ഗീയ നിലപാടുള്ള മുസ്ലിം സാമുദായിക സംഘടനകളെ ഇതിനകം പാട്ടിലാക്കിക്കഴിഞ്ഞ സിപിഎം, മൃദുവര്‍ഗീയത പറയുന്ന ലീഗിനെയും ഒപ്പം കൂട്ടാനാണ് ശ്രമിക്കുന്നത്. ഇതോടെ മുസ്ലിം സമുദായത്തിനുള്ളില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. അവര്‍ക്ക് പ്രതീക്ഷ നല്കുന്ന വിധത്തില്‍ ലീഗ് നേതൃത്വത്തിന്റെ പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. സിപിഎമ്മുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പൊതു സിവില്‍ കോഡ് സമരത്തില്‍ യോജിച്ചു നീങ്ങുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍ തുടങ്ങി തീവ്ര മുസ്ലിം വര്‍ഗീയത പയറ്റുന്ന സംഘടനകളെല്ലാം ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പമാണ്. എന്നാല്‍ ഇകെ വിഭാഗം സമസ്തയെയും ലീഗിനെയും ഇതുവരെ ഒപ്പം കൂട്ടാന്‍ സിപിഎമ്മിനായിട്ടില്ല. ഇവരെ ഒപ്പമാക്കാനായാല് തുടര്‍ ഭരണം സാധ്യമെന്നാണ് സിപിഎം വിലയിരുത്തല്‍.
സിവില്‍ കോഡിനെതിരായ സമരം ഇതിനുള്ള ആയുധമാക്കാനാണ് ഒരുങ്ങുന്നത്. പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസിനോട് ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. പൊതു സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് വേണ്ടത്ര ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുന്നില്ലെന്ന വികാരവും ലീഗിനും സമസ്തയ്ക്കുമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ അനൈക്യം തുടര്‍ ഭരണ സാധ്യതയില്ലാതാക്കുമെന്നതും ലീഗിനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിച്ചേക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
ലീഗിനോട് തൊട്ടുകൂടായ്മയില്ല: എം.വി. ഗോവിന്ദന്
തൃശ്ശൂര്‍: മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ലീഗ് എടുക്കുന്ന ഏത് ശരിയായ നിലപാടിനെയും സിപിഎം മുമ്പും പിന്തുണച്ചിട്ടുണ്ട്. ഇനിയും പിന്തുണയ്ക്കും. ഇടതുമുന്നണിയില്‍ പ്രവേശിക്കണമോയെന്നത് തീരുമാനിക്കേണ്ടത് ലീഗാണെന്നും ഗോവിന്ദന് രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോജിക്കാവുന്ന എല്ലാവരുമായും ചേര്‍ന്ന് സമരം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. പൊതു സിവില്‍ കോഡ് തെറ്റാണെന്നുതന്നെയാണ് ഇഎംഎസ് നേരത്തേ പറഞ്ഞിട്ടുള്ളതെന്നും എം.വി. ഗോവിന്ദന് അവകാശപ്പെട്ടു. ഇഎംഎസിന്റെ ലേഖനം പൂര്‍ണമായി വായിക്കാത്തവരാണ് മറിച്ചു പറയുന്നത.് കോഴിക്കോട് സിപിഎം സെമിനാറില്‍ ലീഗിനെയും ക്ഷണിച്ചിട്ടുണ്ട്. അവര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: