ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്. മൂന്ന് മത്സര പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ടീം പരമ്പര സ്വന്തമാക്കിയത്. കളിയില്‍ 142 റണ്‍സിന്റെ വിജയമാണ് അഫ്ഗാന് നേടിയത്. ടീമിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ വിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മുന്നോട്ട് വച്ച 332 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ബംഗ്ലാദേശ് തുടക്കത്തിലേ തന്നെ തകര്‍ന്ന് തുടങ്ങി. 18.3 ഓവറില്‍ 72 റണ്‍സെടുക്കുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടപ്പെട്ടു. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഷ്ഫിഖുര്‍ റഹീം(69)-മെഹ്ദി ഹസന്(25) സഖ്യത്തിന്റെ ചെറുത്തുനില്‍പ്പാണ് വിജയമാര്‍ജിന്‍ അല്‍പ്പമെങ്കിലും കുറയ്ക്കാന്‍ സഹായിച്ചത്. അഫ്ഗാനുവേണ്ടി ഫസര്‍ഹഖ് ഫറൂഖി, മുജീബുര്‍ റഹ്മാന് എന്നീ പേസര്‍മാരും(മൂന്ന് വീതം വിക്കറ്റ്) സ്പിന്നര്‍ റാഷിദ് ഖാനും(രണ്ട് വിക്കറ്റ്) ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ റഹ്മാനുല്ലാഹ് ഗുര്‍ബാസും(145) ഇബ്രാഹിം സദ്രാനും(100) നേടിയ സെഞ്ച്വറികളാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കാന്‍ അടിത്തറയേകിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 256 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അഫ്ഗാന്റെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണിത്. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന് 331 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: