തിരൂര്‍: പൊതു സിവില്‍ കോഡ് വിഷയത്തില്‍ തെറ്റായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി രാജ്കുമാര് രഞ്ജന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രി തിരൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പൊതുസിവില്‍ കോഡിന്റെ കരട് രൂപം പോലും പുറത്തു വരാത്ത സാഹചര്യത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ആശങ്ക പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസ്സ് ഭരണകാലത്ത് ചെയ്തതിന്റെ പ്രതിഫലനമാണ്. ഇന്നത്തെ കലാപത്തിന് ഉത്തരവാദി കോണ്‍ഗ്രസാണ്. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തുന്നുണ്ട്. വൈകാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നത്. വിവേചനരഹിത ഭരണമാണ് മോദിസര്‍ക്കാരിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന്, സെക്രട്ടറി എ. നാഗേഷ്, കെ.കെ. സുരേന്ദ്രന്, എന്‍. അനില്‍കുമാര്‍, രമാ ഷാജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: