മുംബയ് : പെണ്‍കെണിയില്‍ കുടുങ്ങി രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ചാര വനിതയുമായി പങ്കുവച്ച പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി ആര് ഡി ഒ) പ്രധാന വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ മഹാരാഷ്ട്ര പൊലീസ് കുറ്റുത്രം സമര്‍പ്പിച്ചു.ജൂണ്‍ 30 ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുളളത്.
ഡിആര്‍ഡിഒയുടെ (എന്‍ജിനീയേഴ്സ്) ലബോറട്ടറിയുടെ മേധാവിയായിരുന്നു ഇയാള്‍. യുവതിയുമായി ചങ്ങാത്തത്തിലായപ്പോള്‍ സ്ഥാപനത്തിന്റെ രഹസ്യ വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
കേസില്‍ ചാരവൃത്തിയും തെറ്റായ ആശയവിനിമയവും സംബന്ധിച്ച ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മേയ് 3 ന് മഹാരാഷ്ട്ര പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കുരുല്ക്കറെയെ അറസ്റ്റ് ചെയ്തിരുന്നു.ആണവശേഷിയുള്ള അഗ്നി മിസൈല്‍, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണമായ മിഷന് ശക്തി തുടങ്ങി തന്ത്രപ്രധാനമായ നിരവധി ഡിആര്‍ഡിഒ പദ്ധതികളില്‍ കുരുല്‍ക്കര്‍ പ്രധാന അംഗമായിരുന്നു. പൂനെയിലെ യേര്‍വാഡ ജയിലില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍.
ഇതുവരെ, ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും ഒരു ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 203 സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും പാകിസ്ഥാന് ചാരവനിത ബന്ധപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്.
2022 ജൂണിനും ഡിസംബറിനും ഇടയില്‍ സാറ ദാസ്ഗുപ്ത എന്ന് സ്വയം പരിചയപ്പെടുത്തിയ പാകിസ്ഥാന് ചാരവനിതയുമായി കുരുല്‍ക്കര്‍ ബന്ധപ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുവരുടെയും വാട്ട്സ്ആപ്പ് ചാറ്റുകളില്‍ ബ്രഹ്മോസ്, അഗ്നി 6, റുസ്തം(ഇടത്തരം ഉയരത്തില്‍ പറക്കുന്ന ദീര്‍ഘദൂര ആളില്ലാ വിമാനം) ,മിസൈലുകള്‍, ആളില്ലാ യുദ്ധ വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: