എം. ശ്രീഹര്‍ഷന്‍
വര വിരിയുന്ന വിരല്‍ത്തുമ്പ്. വെളുത്ത് മെലിഞ്ഞ് നീണ്ട അംഗുലികള്‍. അതിലേക്ക് നോക്കിയിരിക്കുമ്പോള്‍ കഥകളുടെ അക്ഷരക്കൂട് ഭേദിച്ചുകൊണ്ട് ജീവന്‍തുടിക്കുന്ന കഥാപാത്രങ്ങള്‍ സരൂപികളായി നമ്മുടെ മനസ്സിലേക്ക് കയറിവരുന്നതുപോലെ തോന്നും. വി.കെ.എന്നിന്റെ, ബഷീറിന്റെ, ഒ.വി.വിജയന്റെ, എം.ടി.യുടെ, മുകുന്ദന്റെ, സേതുവിന്റെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ…. കഥാപാത്രങ്ങള്‍. രചനയെ അതിശയിപ്പിക്കുന്ന ഭാവാര്‍ത്ഥമേളിതമായ രേഖീയവ്യാഖ്യാനങ്ങള്‍. നേര്‍ത്തവരകളുടെ ചടുലമായ ദൃശ്യചാരുതകള്‍.
നിലത്ത് കുനിഞ്ഞിരുന്ന് നിവര്‍ത്തിവച്ച ഡ്രോയിങ് ഷീറ്റില്‍ തടിച്ച മാര്‍ക്കര്‍ പേനകൊണ്ട് ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരക്കുന്നത് എത്രയോ തവണ നോക്കിയിരുന്നിട്ടുണ്ട്. കോഴിക്കോട് ബിലാത്തിക്കുളത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍വച്ച്. സ്‌കെച്ചിടാറില്ല. വെളുത്ത കടലാസിലൂടെ പേന അനായാസമായി തെന്നിനീങ്ങുകയായിരിക്കും. രേഖാമാത്രശരീരികളായ രൂപങ്ങള്‍ അതില്‍ സ്വയം പിറവികൊണ്ട് തെളിഞ്ഞുവരുന്നതു കാണാം. വര പൂര്‍ത്തീകരിച്ച കടലാസ് അല്പം നീട്ടിപ്പിടിച്ച് നോക്കിയിട്ട് മാറ്റിവച്ച് അടുത്തത് വരക്കാനെടുക്കും. വരയുടെ ഇടവേളകളില്‍ കസേരയില്‍ വന്നിരുന്ന് കുശലം പറയും. തെളിഞ്ഞ മുഖപ്രസാദത്തോടെ. നിറഞ്ഞ ചിരിയോടെ. വാക്കുകള്‍ പിശുക്കിക്കൊണ്ട്.
രേഖാചിത്രരചനാരംഗത്ത് കൂടുതല്‍ക്കാലം സംഭാവന നല്കിയത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. അതെ, ‘ഇല്ലസ്‌ട്രേഷന്‍ നമ്പൂതിരി’ എന്ന് വി.കെ.എന്‍ വിളിക്കാറുള്ള വാസുദേവന്‍ നമ്പൂതിരി. കഥകളുടെ ഇല്ലസ്‌ട്രേഷനിലും ‘നാണിയമ്മയും ലോകവും’ എന്ന പോക്കറ്റ് കാര്‍ട്ടൂണിലും നിറഞ്ഞുനിന്ന കരകൗശലം. യഥാതഥമായ ചിത്രീകരണത്തെ ഉപേക്ഷിച്ച് വരകളുടെ നേര്‍ത്ത സൂചനകളിലൂടെ രൂപത്തെ വ്യഞ്ജിപ്പിക്കുകയും ഭാവത്തെ വിടര്‍ത്തുകയുമാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്.
വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ഉണ്ടാക്കിയെടുത്ത ദൃശ്യതലത്തില്‍ അനാട്ടമിയുടെ അനുപാതത്തെ അദ്ദേഹം പുനഃക്രമീകരിച്ചു. രൂപവിന്യാസത്തില്‍ പുതിയ ലാവണ്യലയം സൃഷ്ടിച്ചെടുത്തു. വൈരൂപ്യത്തെ സൗന്ദര്യത്തില്‍ ലയിപ്പിച്ചെടുത്തു. ചിലപ്പോഴൊക്കെ രേഖാംശങ്ങളുടെ അമൂര്‍ത്തമായ ആവിഷ്‌ക്കാരംകൊണ്ട് മനുഷ്യാകാരത്തിന്റെ വ്യത്യസ്ത വിതാനങ്ങള്‍ ധ്വനിപ്പിച്ചെടുത്തു. പാത്രരൂപങ്ങളുടെ ആംഗ്യവും നില്പും സ്ഥാനവുംകൊണ്ടും രേഖകളുടെ ചടുലവിന്യാസംകൊണ്ടും ചിഹ്നമേളനംകൊണ്ടും വരക്കാതെതന്നെ പശ്ചാത്തലവും പരിസരവും അനുവാചകമനസ്സില്‍ രചിച്ചുണ്ടാക്കുന്ന സങ്കേതം ഇല്ലസ്‌ട്രേഷനില്‍ ആദ്യമായി പ്രയോഗിച്ചത് നമ്പൂതിരിയായിരിക്കണം.
ലക്ഷ്മണരേഖകള്‍
എഴുത്തുകാരന്റെ മനസ്സിലെയും വായനക്കാരന്റെ മനസ്സിലെയും രൂപഭാവങ്ങളെ ഋജുവും വക്രവുമായ തന്റെ രേഖകള്‍കൊണ്ട് സമന്വയിപ്പിക്കാന്‍ ഇല്ലസ്‌ട്രേഷനില്‍ ഒരു ചിത്രകാരന് സാധിക്കേണ്ടതുണ്ട്. ആ അസാമാന്യമായ വൈഭവമാണ് ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലമായി നമ്പൂതിരിയിലൂടെ മലയാളികള്‍ കണ്ടുകൊണ്ടിരുന്നത്.
നമ്പൂതിരിയുടെ രേഖാഖ്യാനത്തിന് മാത്രമായിരുന്നു താന്‍ ‘അനന്തരം’ എന്ന നോവലെഴുതിയത് എന്നാണ് വി.കെ.എന്‍. പറഞ്ഞത്. എം.ടി.യുടെ ‘രണ്ടാമൂഴം’ ശ്രദ്ധേയമായത് നമ്പൂതിരിയുടെ വരബലത്താലാണ്. ബഷീറിയന്‍ കഥാപാത്രങ്ങള്‍ നമ്പൂതിരിച്ചിത്രങ്ങളിലൂടെയൊണ് സഹൃദയമനസ്സില്‍ മൂര്‍ത്തരൂപങ്ങളായത്. ഒരു കാലത്ത് ഏതൊരു കഥാകൃത്തും ആനുകാലികങ്ങളില്‍ തന്റെ രചനകള്‍ നമ്പൂതിരിച്ചിത്രത്തോടെ പ്രസിദ്ധീകരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു. ”നേരിയവരകള്‍കൊണ്ട് ഘനമാനമുണ്ടാക്കുകയാണ് നമ്പൂതിരിയുടെ സാങ്കേതികരീതി. രേഖയില്‍ തുടിക്കുന്ന ഭാവതാളങ്ങളെ അനുനയിക്കുന്ന ശൈലീകരണത്തിലൂടെ നീണ്ടരേഖകള്‍ പോലും നമ്പൂതിരിയില്‍ ഒഴുക്കുള്ളതായിത്തീരുന്നു. ലാവണ്യത്തിനും വൈരൂപ്യത്തിനുമിടയില്‍ വരയ്‌ക്കുന്ന ലക്ഷ്മണരേഖകളാണ് അവ” എന്നാണ് പ്രശസ്ത കലാനിരൂപകനായ ഡോ. കൂമുള്ളി ശിവരാമന്‍, നമ്പൂതിരിച്ചിത്രങ്ങളെ വിലയിരുത്തിയത്.
കളമെഴുത്ത്, ചുമര്‍ച്ചിത്രം, മുഖത്തെഴുത്ത് തുടങ്ങി കേരളീയമായ ചിത്രരചനാസംസ്‌കാരത്തില്‍നിന്ന് ആധുനിക ചിത്രകലയിലേക്കുള്ള സ്വാഭാവികമായ വളര്‍ച്ചയായിരുന്നു നമ്പൂതിരിയില്‍ നാം കണ്ടത്. ജാമിനിറോയിയെപ്പോലെ ഭാരതീയമായ പരമ്പരാഗത കലാപാരമ്പര്യത്തെ നമ്പൂതിരിയും സ്വാംശീകരിച്ചിരുന്നു. അദ്ദേഹം വരയ്‌ക്കുന്ന മനുഷ്യരൂപങ്ങളുടെ മുഖപ്രകൃതിയും കണ്ണുകളും പുരാതന ഭാരതീയശില്പങ്ങളില്‍നിന്ന് രേഖാരൂപമായി പുനര്‍ജനിച്ചതാണെന്ന് തോന്നിക്കും. സ്വയമുണ്ടാക്കിയെടുത്ത ചിത്രകലാഭാവുകത്വത്തോടെ വരയുടെ കുലപതിയായി അദ്ദേഹം ദശകങ്ങള്‍ കീഴടക്കി. അനവധി അനുകര്‍ത്താക്കള്‍ അനുധാനവം ചെയ്‌തെങ്കിലും ആരാലും കീഴടക്കപ്പെടാതെ ആ കലാസിദ്ധി തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അനന്യമായ സര്‍ഗസാക്ഷ്യമായി. രേഖാലാവണ്യമായി.
നമ്പൂതിരിയുടെ ചിത്രങ്ങള്‍ വായിച്ച ശേഷമാവും പലപ്പോഴും വായനക്കാര്‍ ആനുകാലികങ്ങളില്‍ കഥകളുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ തുടങ്ങുന്നത്. വായനയുടെ പ്രേരണപോലും ആ ചിത്രങ്ങള്‍ നല്കിയ സംവേദനമായിരിക്കും. നമ്പൂതിരി വര നിര്‍വഹിച്ച മിക്ക കൃതികളും അതിന്റെ സാഹിത്യമേന്മക്കൊപ്പം രേഖാചിത്രവൈഭവത്തോടുകൂടിയുമാണ് പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത്. ഇല്ലസ്‌ട്രേഷനപ്പുറത്ത് പെയിന്റിങ്ങുകളിലും റിലീഫ്ശില്പങ്ങളിലും നമ്പൂതിരി തന്റേതായ കൈയൊപ്പിട്ടിട്ടുണ്ട്. അതിലൊക്കെ നമ്പൂതിരിയുടെ തനതായ രേഖാചിത്രശൈലിയുടെ മൗനമുദ്രകള്‍ കാണാം.
ചിത്രരാമായണം
പൊതുവേദികളില്‍ നമ്പൂതിരി ചിത്രരചന നടത്തുന്നത് അവാച്യമായ ദൃശ്യാനുഭവമാണ്. 1990 സപ്തംബര്‍ 25ന് തപസ്യ കലാ-സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ നമ്പൂതിരി നടത്തിയ രാമായണരേഖായജ്ഞം അപൂര്‍വമായ കലാവിഷ്‌കാരമായിരുന്നു. പ്രശസ്തചിത്രകാരനായ അഡ്വ. പി. മോഹന്‍ദാസിന്റെ പെയിന്റിങ് പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയില്‍ നൂറ്റിരുപത് മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ ഇരുപത്തെട്ട് ഫ്രെയിമുകളിലായി രാമായണരംഗങ്ങള്‍ രേഖാചിത്രങ്ങളായി നമ്പൂതിരിയുടെ വിരലുകളില്‍നിന്ന് വിടര്‍ന്നുവരികയായിരുന്നു. ഗണേശ ചിത്രത്തില്‍ നിന്ന് തുടങ്ങി ശ്രീരാമന്റെ സരയൂപ്രവേശംവരെയുള്ള രംഗങ്ങള്‍. വലിയൊരു ആസ്വാദകസദസ്സിനു മുമ്പില്‍. വിശ്രമമില്ലാതെ രണ്ടു മണിക്കൂര്‍ നേരത്തെ കലോപാസന. കാന്‍വാസില്‍ അടിസ്ഥാനവരകളിടാതെ എണ്ണച്ചായംകൊണ്ട് നേരിട്ടുള്ള ബ്രഷ് വര്‍ക്ക്. ദ്രുതഗതിയിലുള്ള അനായാസമായ വരകള്‍. നില്പിലും ചലനത്തിലും ചേഷ്ടയിലും വരയിലുമുള്ള ആ ചാരുത മറ്റൊരു കലാപ്രകടനമായി കാണികള്‍ ആസ്വദിച്ചു. കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടന്ന തപസ്യ വാര്‍ഷികാഘോഷങ്ങളില്‍ ആ ചിത്രരാമായണം പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണുണ്ടായത്.
1986 ല്‍ കോഴിക്കോട് ജില്ലയിലെ പൊയില്‍ക്കാവില്‍ നടന്ന ചിത്ര-ശില്പ ശിബിരത്തിലാണ് അദ്ദേഹം ആദ്യമായി തപസ്യ കലാ-സാഹിത്യവേദിയുടെ പരിപാടിയില്‍ സംബന്ധിക്കുന്നത്. എ.എസ്സും(എ എസ് നായര്‍) അന്ന് അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു. യുവചിത്രകാരന്മാര്‍ക്ക് മുന്നില്‍ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. പകരം ചിത്രരചനയുടെ പകര്‍ന്നാട്ടമായിരുന്നു. പൊതുപരിപാടികളില്‍ നമ്പൂതിരിയുടെ പ്രസംഗം ഒന്നോ രണ്ടോ വാക്യങ്ങളില്‍ അവസാനിക്കാറാണ് പതിവ്. 1988 ല്‍ കോഴിക്കോട്ട് നടന്ന ‘തപസ്യ’യുടെ പന്ത്രണ്ടാം വാര്‍ഷികോത്സവത്തില്‍ ‘കലാഭാരതി’ എന്ന പരിപാടിയില്‍ നമ്പൂതിരിയായിരുന്നു അദ്ധ്യക്ഷന്‍. പ്രൊഫ. ജി. ശങ്കരപ്പിള്ള, എം.വി. ദേവന്‍, കാവാലം നാരായണപണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സെമിനാര്‍. ഭാരതീയകലാദര്‍ശനത്തെക്കുറിച്ച്. അദ്ധ്യക്ഷപ്രസംഗത്തിനു എഴുന്നേറ്റുനിന്നുകൊണ്ട് നമ്പൂതിരി പറഞ്ഞു: ”പ്രഗത്ഭമതികളായ ഇവരുടെ പ്രസംഗം കേള്‍ക്കാനാണ് ഞാന്‍ വന്നത്, തപസ്യയോടുള്ള ഇഷ്ടംകൊണ്ടും. ശങ്കരപ്പിള്ളയെ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനായി ക്ഷണിക്കുന്നു.” രണ്ടു വാക്യങ്ങള്‍ മാത്രം. അധ്യക്ഷപ്രസംഗം കഴിഞ്ഞു. പക്ഷെ 1994 ല്‍ കോഴിക്കോട്ട് നടന്ന തപസ്യ പതിനേഴാം വാര്‍ഷികോത്സവത്തിലെ കളമെഴുത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് നമ്പൂതിരി സാമാന്യം ദീര്‍ഘമായി സംസാരിക്കുകയുണ്ടായി. കേരളീയമായ ചിത്രകലാപാരമ്പര്യത്തെക്കുറിച്ച്. ആധുനിക ചിത്രകലയ്‌ക്ക് അതില്‍നിന്ന് ലഭിക്കാവുന്ന ഊര്‍ജസംക്രമണത്തെക്കുറിച്ച് തന്റെ ഗുരുനാഥനായ കെ.സി.എസ് പണിക്കര്‍ പറഞ്ഞതിനെക്കുറിച്ച്. ആ സംസ്‌കാരം രേഖാചിത്ര രചനയില്‍ താന്‍ പിന്തുടരുന്നതിനെക്കുറിച്ച്. ഈ പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ തപസ്യയോടൊപ്പം എന്നും താനുണ്ടാവുമെന്ന് ആദ്ധ്യക്ഷ്യം വഹിച്ച വി.എം.കൊറാത്തിനെ നോക്കി വാക്കുനല്കുകയും ചെയ്തു അദ്ദേഹം.
അന്തമറ്റ കാലത്തേയ്‌ക്ക്
പ്രഗത്ഭ ചിത്രകാരനായ എം.വി. ദേവനുമായി വളരെ അടുത്ത സൗഹൃദമായിരുന്നു നമ്പൂതിരിക്ക്. സതീര്‍ഥ്യര്‍, സഹപ്രവര്‍ത്തകര്‍ എന്നതിലപ്പുറം വളര്‍ന്ന സൗഹൃദം. ബഹുമാനപൂര്‍വമായ സ്‌നേഹം. ദേവന്‍ കോഴിക്കോട്ട് വരുമ്പോള്‍ നമ്പൂതിരിയുടെ വീട്ടിലാണ് താമസിക്കാറ്. 1988 ല്‍ തപസ്യയുടെ ജാമിനിറോയ് ജന്മശതാബ്ദിയാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ദേവനെ കോഴിക്കോട്ടെ പരിപാടി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നമ്പൂതിരിയുടെ വീട്ടിലേക്ക് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ഞാനും വരാം. ദേവന്റെ പ്രസംഗം കേള്‍ക്കാമല്ലോ.” തുടര്‍ന്ന് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആ പരിപാടിയില്‍ ദേവനൊപ്പം നമ്പൂതിരിയും പങ്കെടുത്തു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില വൈകുന്നേരങ്ങളില്‍ കോഴിക്കോട് കോര്‍ട്ട്‌റോഡിലൂടെ കഴുത്തറ്റം നീട്ടിവളര്‍ത്തിയ മുടിയും കട്ടിമീശയും (താടി വളര്‍ത്തിത്തുടങ്ങിയത് പിന്നീടാണ്) നീണ്ട ജൂബയും കൈയില്‍ ചുരുട്ടിപ്പിടിച്ച ഡ്രോയിങ്ഷീറ്റുകളും വരസാമഗ്രകളുമായി വെളുത്തുനീണ്ട ഒരാള്‍ മുണ്ടുമടക്കിക്കുത്തി നടന്നു വരുന്നതുകാണാമായിരുന്നു. മിട്ടായിത്തെരുവ് ജങ്ഷനിലെത്തിയാല്‍ തെക്കോട്ടോ വടക്കോട്ടോ തിരിയേണ്ടത് എന്ന നമ്പൂതിരിശങ്കയോടെ ഇത്തിരി നില്ക്കും. പിന്നെ ഇടത്തോട്ടു തിരിഞ്ഞ് ഏതോ നിയോഗംപോലെ മാനാഞ്ചിറയിലേക്ക് നടന്ന് ബിലാത്തിക്കുളത്തേക്ക് ബസ്സുകയറിപ്പോകും. ഈ നടത്തത്തിനിടയില്‍ ഇരുവശത്തേക്കും നോക്കിക്കൊണ്ടേയിരിക്കും. പരിചയക്കാരോട് പുഞ്ചിരിക്കും. അത് വിഖ്യാതചിത്രകാരനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണെന്ന് കാണുന്നവരോ അദ്ദേഹമോ ഭാവിക്കാറില്ല. പക്ഷെ ആ നടത്തത്തിനിടയില്‍ കണ്ണില്‍പ്പതിഞ്ഞ ചില രൂപങ്ങള്‍ അദ്ദേഹത്തിന്റെ വിരലുകളിലൂടെ രേഖാചിത്രങ്ങളായി പിറവികൊണ്ടേയിരുന്നു. ആഴ്ചപ്പതിപ്പിന്റെ പേജുകളില്‍. സ്‌കൂട്ടര്‍ യാത്രക്കാരനായും ബസ്സുയാത്രക്കാരായും കാല്‌നടക്കാരായും ചുമട്ടുകാരായും ഉന്തുവണ്ടിക്കാരായും കോളജ് വിദ്യാര്‍ത്ഥികളായും കച്ചവടക്കാരായും ചമഞ്ഞൊരുങ്ങി നടക്കുന്ന നഗരജീവികളായും….. എണ്ണമറ്റ അനുവാചകരുടെ മനസ്സില്‍ വശ്യചാരുതയോടെ ആ ചിത്രാഖ്യാനങ്ങള്‍ നിറഞ്ഞുനിന്നു. കഥാഗാത്രത്തിന്റെ ദൃശ്യപ്പെരുമകളായി. എഴുത്തിന്റെ ജാതകവരകളായി. ഗൃഹാതുരസ്മൃതികളോടെ ആ ചിത്രങ്ങളെ പലരും ഇന്നും മനസ്സില്‍ ധ്യാനിക്കുന്നു. ആ അതുല്യചിത്രകാരനെ മനസാ നമിക്കുന്നു.
സരസ്വതീസ്പര്‍ശം ലഭിച്ച ആ വിരലുകള്‍ അഗ്നിനാളങ്ങളിലൂടെ പഞ്ചഭൂതങ്ങളായി പ്രകൃതിയില്‍ ലയിച്ചു. കടലാസില്‍പ്പതിഞ്ഞ ആ കറുത്തവരകളും രേഖാചിത്രകലയിലെ ആ നമ്പൂതിരിപ്പെരുമയും അന്തമറ്റ കാലത്തേക്കുള്ള ശേഷിപ്പുകളായി സഹൃദയലോകത്ത് തിളങ്ങിനില്ക്കും. പത്ത് പതിറ്റാണ്ടിലേക്ക് നടന്നെത്തിയ ആ ആയുസ്സിന്റെ പുണ്യം കലാകേരളത്തിന് എന്നും പ്രചോദനമായിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: