നെയ്യാർഡാം: 1500 രൂപയ്ക്ക് അമ്മ പതിമൂന്നുകാരിയെ യുവാവിന് കൈമാറി. വാങ്ങിയ യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ അമ്മയടക്കം പ്രതികൾ പോലീസ് പിടിയിൽ. നെയ്യാർഡാം ഇടവാച്ചാൽ കുഞ്ചു നിവാസിൽ അഖിൽദേവ് (25), ഇയാളുടെ പെൺസുഹൃത്ത് കാട്ടാക്കട മൂങ്ങോടു വിനീഷാ ഭവനിൽ വിനിഷ (24), കുട്ടിയുടെ അമ്മ തമിഴ്നാട് സ്വദേശിനി എന്നിവരാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്.
എറണാകുളത്ത് വച്ചാണ് തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയെ അമ്മ അഖിൽദേവിന് കൈമാറിയതെന്ന് പോലീസ് പറഞ്ഞു. അമ്മയും പെൺകുട്ടിയും അഖിൽദേവും എറണാകുളത്ത് ഹോട്ടലിൽ മുറിയെടുത്തു. അമ്മ പുറത്തേക്ക് പോയസമയം മുറിയിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. അവിടെ വച്ച് റൂം വാടകയിനത്തിൽ 1500 രൂപ അഖിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് നൽകി. അവിടെനിന്നും ട്രെയിനിൽ പെൺകുട്ടിയെ അഖിലിനൊപ്പം അയച്ചു.
നാട്ടിലെത്തിയ അഖിൽ പെൺകുട്ടിയെ കാട്ടാക്കട ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് അഖിലിന്റെ വീട്ടിൽവച്ചും പീഡനം ഉണ്ടായി. തുടർന്ന് പെൺകുട്ടിയെ അഖിലിന്റെ പെൺസുഹൃത്തായ വിനിഷയുടെ വീട്ടിലാക്കി. അവിടെവച്ച് പെൺസുഹൃത്തിന്റെ സഹായത്തോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി.
പെൺകുട്ടിയെ തന്റെ തമിഴ്നാട്ടിലുള്ള അടുത്ത ബന്ധുവിന്റെ മകൾ എന്നാണ് യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഇയാളെ കാണുമ്പോൾ പെൺകുട്ടി ഭയക്കുന്നത് ശ്രദ്ധിച്ച പെൺസുഹൃത്തിന്റെ അമ്മ ഇക്കാര്യം കാട്ടാക്കട പോലീസിനെ അറിയിക്കുകയായിരുനന്നു.
കാട്ടാക്കട പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ യുവാവിനെയും പെൺസുഹൃത്തിനെയും കുഞ്ഞിനെ വിറ്റ തമിഴ്നാട്ടുകാരിയായ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: