റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ ഏഴായിരത്തി അറുന്നൂറ് കോടി രൂപയുടെ പത്ത് പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. റായ്പൂര്‍-ധന്‍ബാദ്, റായ്പൂര്‍-വിശാഖപട്ടണം സാമ്പത്തിക ഇടനാഴി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റോഡ്, റെയില്‍ ഗതാഗതം വര്‍ദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണിത്.
ഈ പദ്ധതികള്‍ ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളില്‍ വികസനത്തിന്റെ കൂടുതല്‍ സാധ്യതകളാണ് തുറന്നിടുന്നതെന്ന് മോദി പറഞ്ഞു.
നൂറ്റാണ്ടുകളായി അനീതിയും അസൗകര്യങ്ങളും നേരിട്ട മേഖലകളിലേക്ക് റോഡ്, റെയില്‍, മൊബൈല്‍ ഫോണ്‍ ബന്ധം തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. ഒരുകാലത്ത് പിന്നാക്കം നിന്ന അക്രമവും അരാജകത്വവും നിലനിന്നിരുന്ന ഛത്തീസ്ഗഢിലെ ജില്ലകളില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികസനം നടക്കുകയാണ്. പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്രര്‍, പട്ടികജാതി , പിന്നോക്ക, ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റായ്പൂരില്‍ രണ്ട് ദേശീയ പാത പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനൊപ്പം മൂന്ന് ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടലും നിര്‍വഹിച്ചു. ഇതിനുപുറമെ, കോര്‍ബയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഓയിലിന്റെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റ്, റായ്പൂര്‍-ഖാരിയാര്‍ റോഡ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതി, കിയോതി-അന്തഗഡ് പുതിയ റെയില്‍ ലൈന്‍ പദ്ധതി എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അന്തഗഢിനും റായ്പൂരിനുമിടയില് പുതിയ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴിലുള്ള 75 ലക്ഷം കാര്‍ഡുകളുടെ വിതരണവും മോദി ഉദ്ഘാടനം ചെയ്തു.
ഗവര്‍ണര്‍ വിശ്വഭൂഷണ്‍ ഹരിചന്ദന്, മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഡോ. മന്‍സുഖ് മാണ്ഡവ്യ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: