തൊടുപുഴ: ശക്തമായ മഴയ്ക്കൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരവും. 24 മണിക്കൂറിനിടെ ഇടുക്കിയില്‍ മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു. നാല് ദിവസത്തിനിടെ ഏഴടിയുടെ വര്‍ധന.
കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ആകെ ജലശേഖരം കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് ശതമാനം കൂടി. മഴ ശക്തമായതോടെ രണ്ട് മുതലാണ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്.
ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2313.36 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 18.71 ശതമാനം. നേരത്തെ 13.49 ശതമാനം വരെ എത്തിയിരുന്നു. ജൂലൈ രണ്ടിന് 2306.6 അടിയായിരുന്നു. മൂന്നിന് ഏകദേശം ഒന്നരയടിയും നാലിന് രണ്ടരയടിയും വെള്ളം കൂടി. കെഎസ്ഇബിയുടെ കീഴിലുള്ള നേര്യമംഗലം, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളും ജലസേചന വകുപ്പിന്റെ എട്ട് അണക്കെട്ടുകളും തുറന്നിട്ടുണ്ട്.
പമ്പ, കക്കി സംഭരണികളിലാകെ 19 ശതമാനം വെള്ളമുണ്ട്. ഷോളയാര്‍-42, ഇടമലയാര്‍-23, കുണ്ടള-38, മാട്ടുപ്പെട്ടി-38, കുറ്റിയാടി-61, തരിയോട്-15, ആനയിറങ്കല്‍-12, പൊന്മുടി-25, നേര്യമംഗലം-98, പെരിങ്ങല്‍-69, ലോവര്‍പെരിയാര്‍-100 ശതമാനം വീതമാണ് ജലനിരപ്പ്.
ഈ മാസം ഇതുവരെ കെഎസ്ഇബി കണക്കുകൂട്ടിയിരുന്നത് 247.489 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ്. എന്നാല്‍ 269.365 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ജൂണില്‍ പ്രതീക്ഷിച്ചതിന്റെ നാല് മടങ്ങോളം കുറവ് വെള്ളമാണ് കിട്ടിയത്. മഴ ശക്തമാകുകയും വൈദ്യുതി മുടക്കവും മൂലം ഉപഭോഗത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
ശരാശരി 80 ദശലക്ഷത്തിന് മുകളിലായിരുന്ന ഉപഭോഗം നിലവില്‍ കുറഞ്ഞ് 65 മുതല്‍ 70 വരെയായി. ചെറുകിട ജലസേചന പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം കൂട്ടി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. ഉപഭോഗം കുറഞ്ഞതോടെ വൈദ്യുതി ക്ഷാമത്തിനും താല്കാലിക ആശ്വാസമായി.
നാല് ദിവസം; മഴക്കുറവ് താഴ്ന്നു
തൊടുപുഴ: സംസ്ഥാനത്ത് ജൂലൈ രണ്ട് മുതല്‍ നാല് ദിവസം തുടര്‍ച്ചയായി ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് മഴക്കുറവ് പാതിയായി കുറഞ്ഞു. 77.77 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 52.76 സെ.മീ. മഴ കിട്ടി. ജൂണ്‍ 29ന് 60 ശതമാനമായിരുന്ന മഴക്കുറവ് ജൂലൈ ആദ്യം 62ലേക്ക് എത്തിയിരുന്നു. മഴ ശക്തമായതോടെ ഇന്നലെ രാവിലെ 32 ശതമാനത്തിലെത്തി. 4, 5 തീയതികളില്‍ 10 ശതമാനം വീതം കുറവാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ ആറ് ശതമാനം മഴ കൂടിയപ്പോള്‍ കൊല്ലത്ത് ശരാശരിയ്ക്കടുത്ത് മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴക്കുറവുള്ളത് വയനാടാണ് 60 ശതമാനം.
ആലപ്പുഴയില്‍ അഞ്ച് ശതമാനമാണ് മഴക്കുറവ്. ഇടുക്കി- 52, കോഴിക്കോട്- 47, മലപ്പുറം- 37, തൃശ്ശൂര്‍- 34, കോട്ടയം- 27, കാസര്‍കോട്- 26, കണ്ണൂര്‍- 25, എറണാകുളം- 18, തീരുവനന്തപുരം- 23 ശതമാനം വീതം മഴ കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: