തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ മറ്റു സര്‍വകലാശാലാ, പിഎസ്സി പരീക്ഷകള്‍ക്കു മാറ്റമില്ല. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലും പ്രഫഷണല്‍ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
ചെറിയ ഉയരത്തില്‍ വീശുന്ന വേഗമേറിയ കാറ്റിനും, ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ മഴ പെയ്യിക്കുന്ന കൂറ്റന്‍ മഴമേഘങ്ങള്‍ക്കും സാധ്യതയുണ്ട്. ചിലസ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മിന്നല്‍ ചുഴലിയും വീശിയിരുന്നു. ഉയര്‍ന്ന തിരമാലകള്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ദ്ദേശം ലഭിക്കാതെ കടലില്‍ പോകരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ശക്തമായ മഴയിലും കാറ്റിലും പാലക്കാട് അട്ടപ്പാടിയില്‍ തകരാറിലായ വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ബുധനാഴ്ച മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടുകയായിരുന്നു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. കൊല്ലം, എറണാകുളം ജില്ലകളില്‍ കടലാക്രമണവും രൂക്ഷമാണ്. എറണാകുളം കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൊല്ലം ബീച്ചിന്റെ സംരക്ഷണ ഭിത്തികള്‍ തര്‍ന്നു. കൂടുതല്‍ ഭാഗങ്ങള്‍ കടലെടുത്തു.
വയനാട്ടില്‍ മഴയെത്തുടര്‍ന്ന് നൂല്പുഴ കല്ലൂര്‍പുഴ കരകവിഞ്ഞതോടെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. സംസ്ഥാനത്തെ ചെറുഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. കോട്ടയം നഗരത്തിലിപ്പോഴും മഴ തുടരുകയാണ്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ടാണ്. കുമരകം റോഡില്‍ വെള്ളം കയറി. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞു. തൃശൂര്‍ രാമവര്‍മപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞയാഴ്ച വിള്ളല്‍ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: