തിരുവനന്തപുരം : കൈതോലപ്പായ വിവാദത്തില്‍ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന് പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ബെന്നി ബെഹന്നാന് എംപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാല്‍ കൈതോലപ്പായയില്‍ വെച്ച് പണം നല്‍കിയത് ആര്‍ക്കെന്നും എവിടെവെച്ചെന്നും എപ്പോഴെന്നുമുള്ള പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ശക്തിധരന് കൃത്യമായി മറുപടി നല്‍കിയില്ലെന്നാണ് സൂചന. പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചവരുടെ പേര് വിവരങ്ങളും ഇയാള്‍ പോലീസിനോട് പറയാന്‍ തയ്യാറായില്ല. ചോദ്യംചെയ്യലിനെത്തിയ ശക്തിധരന് മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രതികരിക്കാന്‍ തയ്യാറായില്ല.
സിപിഎം ഉന്നതനും നിലവിലെ ഒരു മന്ത്രിയും ചേര്‍ന്ന് കൊച്ചിയിലെ ദേശാഭിമാനിയുടെ ഓഫീസില്‍ നിന്നും കൈതോലപ്പായയില്‍ രണ്ട് കോടിയിലധികം രൂപ കടത്തിയെന്നായിരുന്നു ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവിധ സ്ഥലങ്ങളില്‍ നിന്നും സ്വരൂപിച്ചതില് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റി. പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണ് കൊണ്ടുപോയതെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: