തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറന്നു. മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ഡാം തുറന്നിരിക്കുന്നത്. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടര്‍ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടര്‍ 15 സെന്റീമീറ്ററും രണ്ടാമത്തം ഷട്ടര്‍ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പൊന്മുടിയില് വിനോദസഞ്ചാരികള്‍ക്കി വിലക്കേര്‍പ്പെടുത്തി.
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. കൊല്ലത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും കുട്ടനാട് താലൂക്കിലും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എം ജി, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ഉറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുട്ടനാട്ടിലും പെരിയാറിലും ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: