കോഴിക്കോട്: പൊതു സിവില്‍ നിയമത്തെ എതിര്‍ക്കാനെന്ന പേരില്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതില്‍ നിന്ന് മുസ്ലിംലീഗും സിപിഎമ്മും പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
പൊതു സിവില്‍ നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ലീഗിന്റെ പ്രചാരണം അവരുടെ കാപട്യം മറച്ചുവയ്ക്കാനാണ്. ഭരണഘടനയുടെ 44-ാം വകുപ്പില്‍ പൊതു സിവില്‍ നിയമം കൊണ്ടുവരണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. പൊതു സിവില്‍ നിയമം കൊണ്ടുവരാത്തതിന് 1995ല്‍ സുപ്രീംകോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. രാഷ്ട്രീയമായി നേരിടും എന്ന ലീഗിന്റെ തീരുമാനം വര്‍ഗീയ ചേരിതിരിവുണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം. സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്. ഏകീകൃത സിവില്‍ നിയമമില്ലാത്തത് ലിംഗവിവേചനം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും തടസ്സമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്.
ഈ വിഷയത്തില്‍ ലീഗ് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത് എന്തുതരം മതേതരത്വമാണെന്ന് മനസിലാവുന്നില്ല. മുമ്പെല്ലാം പൊതു സിവില്‍ കോഡിനെ അനുകൂലിക്കുകയും അതിന് വേണ്ടി രംഗത്തുവരികയും ചെയ്തവരാണ് സിപിഎമ്മുകാര്‍. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ പൊതു സിവില്‍ നിയമത്തിന് ശക്തിയായി വാദിച്ചതാണ്. ഇപ്പോള്‍ സിപിഎം പൊതു സിവില്‍ നിയമത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്. കേരളത്തില്‍ സിപിഎം-മുസ്ലിംലീഗ് സഖ്യം തുടങ്ങാനിരിക്കുന്നതിന്റെ മുന്നോടിയാണ് സിപിഎമ്മിന്റെ ചുവട് മാറ്റമെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: