കോഴിക്കോട്: സുന്നി യുവജന സംഘം (കാന്തപുരം വിഭാഗം) നേതാവ് മുഹമ്മദ് കിനാലൂര്‍ പൊതു സിവില്‍കോഡ് വിഷയത്തില്‍ വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും മുസ്ലിം സമുദായത്തിന്റെ തന്ത ചമയണ്ട എന്ന് കിനാലൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രസ്താവിച്ചു. മുസ്ലിം സമുദായം രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്നാലേ പോകരുതെന്ന് മുന്നറിയിപ്പാണ് കിനാലൂരിന്റേത്. സിപിഎമ്മിന്റെ അജണ്ട തിരിച്ചറിയണമെന്നും വിശദീകരിക്കുന്നു.
രാഷ്‌ട്രീയ പാര്‍ട്ടികളെ ഈ വിഷയത്തില്‍ പൂര്‍ണമായും നമ്പാതിരിക്കുക. അവര്‍ക്ക് അജണ്ടകള്‍ ഉണ്ട്. അവരെ അവിശ്വസിക്കേണ്ട. പക്ഷേ അവര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥ സമീപനം കൈക്കൊള്ളുമെന്ന് കരുതുകയും വേണ്ട, സുന്നി നേതാവ് വിശദീകരിക്കുന്നു. മുസ്ലിം ലീഗ് നേതാക്കള്‍ കാന്തപുരം സുന്നി വിഭാഗവുമായി ചേരാനും സിപിഎമ്മുമായി സഹകരിക്കാനും ശ്രമങ്ങള്‍ നടത്തുമ്പോഴാണ് യുവജന വിഭാഗം നേതാവിന്റെ പ്രസ്താവന.
സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പില്‍ ഇങ്ങനെ പറയുന്നു: ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരം കിട്ടിയാല്‍ അവര്‍ ആദ്യം ചെയ്യുന്ന കാര്യം പൊതു സിവില്‍കോഡ് നടപ്പാക്കലാകും. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം മുസ്ലിം സ്ത്രീകളെ രക്ഷിക്കാന്‍ ആണെന്ന് വിശ്വസിക്കുന്നിടത്താണ് ഇപ്പോഴും സിപിഎമ്മിന്റെ നില്‍പ്പ്.
വ്യക്തിനിയമങ്ങള്‍ കാലാനുസൃതം പരിഷ്‌കരിക്കണമെന്നത് സിപിഎം ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെട്ടതാണ്. അവര്‍ക്ക് ആകെയുള്ള എതിര്‍പ്പ് ഈ നിയമം കൊണ്ടുവരുന്നത് മോദി സര്‍ക്കാര്‍ ആണ് എന്നതാണ്. പക്ഷേ കേരളത്തില്‍ ഇതൊരു മുസ്ലിം വിഷയമാക്കി അവതരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ തിടുക്കത്തെ അപലപിക്കാതെ വയ്യ. സിപിഎമ്മിന്റെ ആദ്യ സെമിനാര്‍ കോഴിക്കോട്ട് നടത്തുന്നത് അത്ര നിഷ്‌കളങ്കമല്ല. ആ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാപരമായ താല്പര്യമുണ്ട് എന്ന് ആര്‍ക്കാണ് അറിയാത്തത്, എന്ന് കിനാലൂര്‍ ചോദിക്കുന്നു.
കുറിപ്പ് അവസാനിക്കുന്നത് അതിരൂക്ഷമായ ഭാഷയില്‍ പറഞ്ഞുകൊണ്ടാണ്.’മുസ്ലിംകളുടെ കാര്യം പോക്കാണ്, വേണമെങ്കില്‍ ഞങ്ങളുടെ ചിറകിനടിയിലേക്ക് നിന്നോളൂ എന്ന ലൈനിലാണ് രാഷ്‌ട്രീയകക്ഷികള്‍. അവരോട് വിനയത്തോടെ രണ്ട് കാര്യങ്ങള്‍ ഉണര്‍ത്താതെ വയ്യ. ഒന്നാമതായി, ഇതൊരു മുസ്ലിം പ്രശ്നം അല്ലെന്ന തികഞ്ഞ ബോധ്യം മുസ്ലിം സമുദായത്തിനുണ്ട്. രണ്ടാമതായി, പൊതു സിവില്‍കോഡിനെതിരായ എല്ലാ ജനാധിപത്യ സമരങ്ങള്‍ക്കൊപ്പവും ഇതര സമുദായങ്ങളെയെന്ന പോലെ മുസ്ലിങ്ങളും ഉണ്ടായേക്കും. സമരത്തിലെ രാഷ്‌ട്രീയ ലാക്ക് മനസിലാക്കി തന്നെയാകും ആ പങ്കാളിത്തം. അതിനപ്പുറം ഈ നിയമം മുന്നില്‍ വച്ച് മുസ്ലിംകളുടെ തന്ത ചമയാനുള്ള നീക്കങ്ങള്‍ സാമാന്യം ബോറാണ്. അത് ഏത് പാര്‍ട്ടി നടത്തിയാലും,’ ഫെയ്‌സ്ബുക്കിലൂടെ മുഹമ്മദ് കിനാലൂര്‍ പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: