തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ കേസുകള്‍ പിന്‍വലിക്കാന്‍ ചില നടപടിക്രമങ്ങളുണ്ടെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആവശ്യം ബാലിശമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്രപേരുടെ പേരില്‍ കേസെടുക്കാനും ഇത്രപേരുടെ കേസ് പിന്‍വലിക്കാനും പറഞ്ഞാല്‍ അത് ചെയ്യാന്‍ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേസരിയില്‍ മീറ്റ് ദ പ്രസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഎമ്മിന്റേത്. സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കാവുന്നവരെ സഹകരിപ്പിക്കും. ലീഗ് ഈ വിഷയത്തില്‍ സഹകരിക്കുന്നതുകൊണ്ടുള്ള ആശങ്ക കൊണ്ടാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
വായ്പാപരിധി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ മുന്നോട്ടുപോകുമെന്നും അതിന് നിയമപരമായ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു. 20000 കോടി കടമെടുപ്പ് പരിധിയെന്ന മുന്‍ നിലപാടില്‍ കേന്ദ്രം ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളും പരിശോധനകളും നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും ഇതു സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ ഇപ്പോള്‍ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നു നാലു ഗഡു ഡിഎ കൊടുക്കാനുള്ളത് ശരിയാണ്. പണത്തിന്റെ ലഭ്യതക്കുറവുള്ളതുകൊണ്ടാണ് കൊടുക്കാതിരിക്കുന്നത്. പണത്തിന്റെ ലഭ്യത അനുസരിച്ച് ഡിഎ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാനാകില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുള്ള വഴി അവര്‍ സ്വയം കണ്ടെത്തണമെന്നും ബാലഗോപാല്‍ പറഞ്ഞു.
ചിലരെങ്കിലും നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: അമേരിക്കയില്‍ നിന്ന് ചിലരെങ്കിലും നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും അമേരിക്കന്‍ യാത്രയില്‍ എന്തെങ്കിലും നേട്ടമുണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫൈസര്‍ പോലുള്ള ചില കമ്പനികളും ഐടി മേഖലയിലെ ചില കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവരില്‍ ചിലര്‍ ഇവിടേക്ക് വരാനും നിക്ഷേപിക്കാനും താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതില്‍ ചിലരെങ്കിലും എന്തായാലും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
അമേരിക്കയിലെ പ്രധാനപ്പെട്ട ഇന്‍വെസ്റ്റേഴ്സിന്റെ പ്രത്യേക മീറ്റിങ്ങില്‍ കുറെയേറെ ജനറലായ പ്രൊപ്പോസല്‍ വന്നിരുന്നു. ന്യൂയോര്‍ക്കിലെ കൗണ്‍സിലറും മലയാളിയുമായ കെവിന്തോമസും അവിടത്തെ ഒരു മേഖലയിലെ ജഡ്ജി ജൂലിയയും യോഗത്തിനുണ്ടായിരുന്നു. ഇവരൊക്കെ നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ നമ്മളെ സഹായിക്കാനുള്ള തരത്തില്‍ അമേരിക്കയിലെ മലയാളി സമൂഹം ഇന്ന് മാറിയിട്ടുണ്ട്. ടൈം സ്ക്വയറിലെ പരിപാടി ഒരു പൊതുസമ്മേളനം എന്ന നിലയിലാണ് നടത്തിയത്. ടൈംസ് സ്ക്വയറിലെ പരിപാടിയില്‍ ലോക കേരളസഭാ പ്രതിനിധികള്‍ അല്ലാതെ പഴയ എസ്എഫ്ഐ പ്രവര്‍ത്തകരടക്കം ധാരാളംപേര്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ബാങ്കിന്റെ പഴയനിലപാടില്‍ മാറ്റമുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: