തൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പുറംചട്ടയില്‍ രണ്ടാം പിണറായി സർക്കാര്‍ രണ്ട് വര്‍ഷം പിന്നിടുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എംബ്ലം ചേര്‍ത്തത് തന്റെ അറിവോടെയല്ലെന്ന് കവിയും സാഹിത്യഅക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. എന്നാല്‍ ഈ നടപടിയെ ന്യായീകരിക്കുകയാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍.
സാഹിത്യഗ്രന്ഥങ്ങളിന്മേല്‍ ഭരണം കയ്യാളുന്ന സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് തയ്യാറാക്കിയ എംബ്ലം ചേര്‍ത്തത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മറ്റ് പല മുതിര്‍ന്ന സാഹിത്യകാരന്മാരും വിമര്‍ശിക്കുന്നു. ഇതിനിടെ എംബ്ലം ചേര്‍ത്തതിന്റെ പൂര്‍ണ്ണഉത്തരവാദിത്വം ഏറ്റെടുത്ത് സിപി.അബൂബക്കർ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ്.
പിണറായിയെ സ്തുതിപാടുന്നതാണ് സി.പി. അബൂബക്കറിന്റെ കുറിപ്പ് . “പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം പിന്‍വശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ചിലസുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചിലപ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അസ്വീകാര്യമാവുന്നുവെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്.”-സി.പി. അബൂബക്കര്‍ എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: