ലഖ്നൗ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് തങ്ങളുടെ പാര്‍ട്ടി എതിരല്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി. യുസിസി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ചര്‍ച്ചകള്‍ തുടരുമ്പോഴാണ് മായാവതി അഭിപ്രായം വ്യക്തമാക്കിയത്.
രാജ്യത്ത് യുസിസി നടപ്പാക്കുന്നതിനെ അഭിനന്ദിക്കുന്നു. ഏക നിയമം രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും സാഹോദര്യബോധം വളര്‍ത്തി ഇന്ത്യയെ ഒന്നിപ്പിക്കുമെന്നും അവര്‍ ലഖ്നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ഈ വിഷയം രാഷ്ട്രീയവത്കരിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മായവതി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ ഏക നിയമം നിര്‍ബന്ദിച്ച് നടപ്പാക്കുന്നതില്‍ യോജിപ്പില്ല. എന്നാല്‍ യുസിസി രാജ്യത്തിന് അനിവാര്യമാണ്. സര്‍ക്കാര്‍ തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അവര്‍ പറഞ്ഞു. മതം, ലിംഗം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്ക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഇന്ത്യയിലെ ഒരു നിര്‍ദ്ദേശമാണ് ഏകീകൃത സിവില്‍ കോഡ്.
നിലവില്‍, വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങള്‍ അവരുടെ മതഗ്രന്ഥങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ പ്രദേശത്തുടനീളമുള്ള പൗരന്മാര്ക്ക് ഒരു ഏകീകൃത സിവില്‍ കോഡ് സുരക്ഷിതമാക്കാന്‍ സംസ്ഥാനം ശ്രമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരമാണ് കോഡ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: