മുംബയ് : മഹാരാഷ്‌ട്രയില്‍ വന്‍ രാഷ്‌ട്രീയ അട്ടിമറി. നിരവധി എംഎല്‍എമാരുടെ പിന്തുണയോടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍ സി പി) നേതാവ് അജിത് പവാര്‍ ഞായറാഴ്ച ഉപമുഖ്യമന്ത്രിയായി സത്യപ്രതിജഞ ചെയ്തു.ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാരില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് പുറമെയാണ് അജിത് പവാര്‍ കൂടി ഉപമുഖ്യമന്ത്രി പദത്തിലെത്തുന്നത്.
മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി ഒഴിയാന്‍ അജിത് പവാര്‍ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ നീക്കം.
ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരുള്‍പ്പെടെ ഒമ്പത് എന്‍സിപി നേതാക്കളും അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.അജിത് പവാറിനൊപ്പം 30 എം എല്‍ എമാര്‍ എന്‍ സി പി വിട്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം മുംബൈയിലെ ഔദ്യോഗിക വസതിയില്‍ അജിത് പവാര്‍ ചില പാര്‍ട്ടി നേതാക്കളുമായും എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
എന്തിനാണ് ഈ യോഗം വിളിച്ചതെന്ന് എനിക്കറിയില്ല, എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അജിത് പവാറിന് എംഎല്‍എമാരുടെ യോഗം വിളിക്കാന്‍ അവകാശമുണ്ട്.അയാള്‍ അത് പതിവായി ചെയ്യുന്നു. ഈ കൂടിക്കാഴ്ചയെക്കുറിച്ച് എനിക്ക് കൂടുതല്‍ വിശദാംശങ്ങളൊന്നുമില്ല-ശരത് പവാര്‍ പറഞ്ഞു.
അജിത് പവാറിന്റെ ഔദ്യോഗിക വസതിയായ ദേവഗിരിയില്‍ ഇന്നലെ നടന്ന യോഗത്തില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍, പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും പങ്കെടുത്തിരുന്നില്ല.
എന്‍ സി പിയില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയ്‌ക്ക് പ്രാമുഖ്യം നല്‍കുന്നത് അജിത് പവാറിനെ അസ്വസ്ഥനാക്കിയിരുന്നു. ശരത് പവാറിന്റെ അടുത്ത ബന്ധു കൂടിയാണ് അജിത് പവാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: