എരമല്ലൂര്‍: വേമ്പനാട് കൈതപ്പുഴ കായലുകളുടെ സംഗമഭൂമിയായ പെരുമ്പളം ദ്വീപിന് തിലകക്കുറിയായി വടുതല പെരുമ്പളം പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമാണ് പാലം. പതിനായിരത്തോളം പേരാണ് ദ്വീപില്‍ താമസിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പാലം കരതൊടുന്ന വിധം നിര്‍മ്മാണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വടുതല ജെട്ടിയില്‍ നിന്നും പെരുമ്പളം ദ്വീപിലേക്ക് 1115 മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ നടപ്പാതയുമുള്‍പ്പടെ 11മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്.
ദേശീയ ജലപാതയായ കായലിലൂടെ ജലയാനങ്ങളും ചെറുകപ്പലുകളും കടന്നു പോകുന്നവിധം നാവിഗേഷന്‍ സ്പാന്‍ മദ്ധ്യഭാഗത്ത് ആര്ച്ചോടുകൂടി പണിതുവരുന്നു. ഇവിടെ 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. ഇരുകരകളിലുമായിട്ടുള്ള അപ്രോച്ച് റോഡുകളുടെ സ്ഥലമെടുപ്പ് നീണ്ടുപോയതാണ് പാലം പണി പൂര്‍ത്തികരിക്കാന്‍ കാലതാമസം വന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വടുതലയില്‍ 79ഉം പെരുമ്പളം പഞ്ചായത്തില്‍ 189 സെന്റ് സ്ഥലവും ഏറ്റെടുത്ത് ഇരുകരകളിലുമായി 650 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കും.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപയാണ് പാലത്തിനായി വകയിരുത്തിയത്. 35മീറ്റര്‍ നീളംവരുന്ന 27സ്പാനുകളാണ് പാലത്തിനുള്ളത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പെരുമ്പളം ദ്വീപ് വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിക്കുമെന്നും അതുവഴി ദ്വീപിന്റെ സമഗ്ര വികസനവും സാധ്യമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: