ചെന്നൈ: തമിഴ്നാട്ടിലെ ബ്രാഹ്മണര്‍ മുഴുവന്‍ അണ്ണാമലൈയ്ക്കൊപ്പമെന്ന് ഈയിടെ എഐഎഡിഎംകെയില്‍ നിന്നും ബിജെപിയിലേക്കെത്തിയ വി. മൈത്രേയന്. തമിഴ്നാട്ടിലെ ബിജെപിയിലെ ബ്രാഹ്മണവിഭാഗം അണ്ണാമലൈയ്ക്ക് എതിരാണെന്നത് വെറും ദുഷ്പ്രചാരണമാണെന്നും തമിഴ്നാട്ടിലെ മുഴുവന്‍ ബ്രഹ്മണരും അണ്ണാമലൈയ്ക്കൊപ്പമാണെന്നും മൈത്രേയന് പറഞ്ഞു.
ജൂണ്‍ 9നാണ് എഐഎഡിഎംകെയുടെ നേതാവായ വി. മൈത്രേയന് ബിജെപിയില്‍ ചേര്‍ന്നത്. “ബ്രാഹ്മണസമുദായത്തിലെ അംഗങ്ങളുമായും ചില സമുദായ സംഘടനകളുമായും നടത്തിയ ആശയവിനിമയത്തിലാണ് അവരെല്ലാം അണ്ണാമലൈയ്ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നത് മനസ്സിലായത്,”- മൈത്രേയന് പറയുന്നു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്. വാസുദേവന്റെ മകനാണ് മൈത്രേയന്.
തമിഴ്നാട്ടിലെ ബ്രാഹ്മണര്‍ അണ്ണാമലൈയ്ക്ക് എതിരാണെന്നത് വ്യാജപ്രചാരണമാണ്. ഈ കെണിയില്‍ ബ്രാഹ്മണര്‍ വീഴില്ലെന്നുറപ്പാണ്. ബ്രാഹ്മണ വോട്ടുകള്‍ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ദുഷ്പ്രചരണം. – മൈത്രേയന് പറഞ്ഞു. ജാതിയ്ക്കനുസരിച്ച് വോട്ട് ചെയ്യുന്നവരല്ല തമിഴ്നാട്ടിലെ ബ്രാഹ്മണര്‍. 2024ല്‍ വീണ്ടും മോദി മൂന്നാമതൊരിയ്ക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്നുള്ള ആഗ്രഹത്തിലാണ് ബ്രാഹ്മണര്‍. തമിഴ്നാട്ടില്‍ നിന്നും ചുരുങ്ങിയത് 25 എംപിമാരെയെങ്കിലും കേന്ദ്രസര്ക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. – മൈത്രേയന് പറഞ്ഞു.
പിന്നോക്ക സമുദായത്തില്‍ പെട്ട വ്യക്തിയാണ് അണ്ണാമലൈ. അതിനാലാണ് അണ്ണാമലൈയോടും ബിജെപിയോടും എതിരുള്ള സംഘങ്ങള്‍ ബ്രാഹ്മണര്‍ അണ്ണാമലൈയ്ക്കെതിരാണെന്ന പ്രചാരണം അഴിച്ചുവിടുന്നത്. അണ്ണാമലൈയുടെ ജനപിന്തുണയില്‍ വിറളി പൂണ്ടാണ് ഈ സംഘം ഇങ്ങിനെ ഒരു പ്രചാരണം അഴിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: