തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യമില്ലാത്തവരെ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത് വിവാദമാകുന്നു. ആറ് വിദ്യാഭ്യാസ വിചക്ഷണരെയാണ് സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും സര്‍ക്കാര്‍ നേരിട്ട് നാമനിര്‍ദ്ദേശം ചെയ്തത്. ഇതില്‍ ജെ.എസ്. ഷിജുഖാന്‍, അഡ്വ. ജി. മുരളീധരന്‍പിള്ള, മുന്‍ എംഎല്‍എ ആര്‍.രാജേഷ് എന്നിവര്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് ഒരു വൈദഗദ്ധ്യവും ഇല്ലെന്നാണ് ആരോപണം ഉയരുന്നത്. ഇവരുടെ മൂന്നുപേരുടെ നാമനിര്‍ദ്ദേശവും രാഷ്‌ട്രീയ അജണ്ടയെന്നാണ് ആരോപണം.
ജെ.എസ്.ഷിജുഖാന്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ കമ്മറ്റി അംഗവുമാണ്. അഡ്വ. ജി. മുരളീധരന്‍പിള്ള സിപിഎം കൊല്ലം ജില്ലാകമ്മറ്റി അംഗമാണ്. മറ്റൊരാളായ ആര്‍.രാജേഷ് മുന്‍ എംഎല്‍എയാണ്. ഉന്നത വിദ്യാഭ്യാസ വിദഗദ്ധരുടെ പട്ടികയിലേക്കാണ് ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍വ്വകലാശാല ഭരണം രാഷ്‌ട്രീയ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചട്ടവിരുദ്ധമായി സര്‍ക്കാര്‍ നടത്തിയ മൂന്ന് പേരുടെ നാമനിര്‍ദ്ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യാതൊരു പ്രാവീണ്യവുമില്ലെന്നും നിലവില്‍ സിപിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികളാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളെ രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമത്തിനെതിരെെ ഹൈക്കോടതിയെ സമീപിക്കുമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.
സര്‍വ്വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനത്തിലടക്കം അന്തിമ തീരുമാനം എടുക്കുന്നത് സിന്‍ഡിക്കേറ്റാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ വിദഗദ്ധര്‍ നിരവധിപേർ സംസ്ഥാനത്തുടനീളമുണ്ട്. അവരെ ആരെയും ഉപയോഗപ്പെടുത്താതെ മുഴുവന്‍ സമയ രാഷ്‌ട്രീയപ്രവര്‍ത്തകരെ സര്‍വ്വകലാശാലകളിലേക്ക് തിരുകികയറ്റുന്നതിനെ തിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സിന്‍ഡിക്കേറ്റ് അംഗവും സിപിഎം കൊല്ലംജില്ലാ നേതാവുമായ ബാബുജാന്‍ നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കുരുങ്ങികിടക്കുകയാണ്.
സര്‍വ്വകലാശാലകളിലെ അനധികൃത നിയമനത്തിലടക്കം സിപിഎം നേതാക്കളായ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വഴിവിട്ട ഇടപെടലുകളും ഇഷ്ടക്കാരെ തിരുകി കയറ്റലും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കൂടാതെ സര്‍വ്വകലാശാലകളിലെ വിസി നിയമനങ്ങള്‍ക്കടക്കം തടസ്സം നില്‍കുന്നത് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ്. വിദ്യാര്‍ത്ഥി പ്രതിനിധികളില്ലാതെ കേരള സര്‍വ്വകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: