ആന്റിഗ്വ: ഈ മാസം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് നയിക്കും. ടീം ക്യാമ്പിലേക്ക് തയ്യാറെടുപ്പിനായി 18 പേരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരം പുരോഗമിക്കുന്നതിനാല്‍ ടീമിന്റെ പല സീനിയര്‍ താരങ്ങളും സിംബാബ്വേയിലാണ്.
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റര്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് ആയിരിക്കും ടീമിനെ നയിക്കുകയെന്ന കാര്യത്തില്‍ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഇന്നലെ തീരുമാനമെടുത്തിട്ടുള്ളൂ. രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്കെതിരെയുള്ളത്. ഇതിനുള്ള അന്തിമ ടീമിനെ ഇന്നലെ പ്രഖ്യാപിച്ച 18 അംഗസംഘത്തിന്റെ ക്യാമ്പില്‍ നിന്നുമായിരിക്കും തെരഞ്ഞെടുക്കുക. വെള്ളിയാഴ്ച ആന്റിഗ്വയിലാണ് ക്യാമ്പ് ആരംഭിക്കുക. ഒമ്പതിന് തെരഞ്ഞെടുക്കപ്പെട്ട ടീം ഇവിടെ നിന്നും ഡൊമിനിക്കയിലേക്ക് തിരിക്കും. 12ന് ഡൊമിനിക്കയിലാണ് ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഈ മാസം 20 മുതല്‍ ട്രിനിഡാഡിലും. ലോകകപ്പ് യോഗ്യത നടക്കുന്നതിനാല്‍ ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കൈല്‍ മയേഴ്സ് അടക്കമുള്ളവരെ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ച ക്യാമ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാവേം ഹോഡ്ജ്, അലിക്ക് അതനാസെ, ജയര്‍ മക്അലിസ്റ്റര്‍ എന്നിവര്‍ പുതുമുഖ താരങ്ങളായി ഉള്‍പ്പെട്ടിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ ഈ മാസം 9ന് വരെ സിംബാബ്വെയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: