ഖാര്‍ഗോണ്‍ (മധ്യപ്രദേശ്): മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ ഇരുത്താനും അദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാരിന് ഒമ്പതു വര്‍ഷം തികയുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
മധ്യപ്രദേശിലെ പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയായ ലാഡ്ലി ലക്ഷ്മി യോജന മുഖ്യമന്ത്രിയായിരുന്ന കാലത്തില്‍ കമല്‍നാഥ് മധ്യപ്രദേശില്‍ നിര്‍ത്തിയെന്നും നദ്ദ പറഞ്ഞു. അത്തരത്തിലുള്ള വ്യക്തിക്കൊപ്പം എന്തിന് നിങ്ങള്‍ നില്‍ക്കണമെന്ന് അദേഹം ചോദിച്ചു.
നവംബറില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍നാഥിനെ വീട്ടില്‍ ഇരുത്തി ഭാരതീയ ജനതാ പാര്‍ട്ടിയെ ജോലി ഏല്‍പ്പിക്കു. പ്രധാനമന്ത്രി മോദിയുടെയും മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിന്റെയും കീഴിലുള്ള ഭരണം ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ദുരിത സമയങ്ങളില്‍ സഹായം എത്തിക്കുന്നതിലും എപ്പോഴും സജീവമായിരുന്നുവെന്നും അദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കീഴിലുള്ള സംസ്ഥാന സര്‍ക്കാരും ഉണര്‍ന്ന് ജനങ്ങളുടെ ആവശ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും അവശ്യസമയത്ത് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഭരണഘടനാപരമായ കടമകള്‍ വിശ്വസ്തതയോടെയും ആത്മാര്‍ത്ഥതയോടെയും നിര്‍വഹിക്കുന്ന ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ് നമ്മുടേതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: