ഉപദേശോപാഖ്യാനം
രാഘവ! കേള്‍ നീ, മനോബുദ്ധിസമന്വിതമാകിയ ചിന്മാത്രാവാസനതന്നെയും നന്നായകറ്റീട്ട് ശേഷിച്ചിടുന്നതില്‍ പിന്നെ ചിരസമാധാനനായിത്തീര്‍ന്ന് നീ യാതൊന്നുകൊണ്ടാണു നീക്കുന്നത് ആയതും പരിത്യജിച്ചീടുക. ചെന്താമരാക്ഷ! സ്വരൂപചൈതന്യമാകുന്ന ഈ അന്തഃകരണം, അവിദ്യ ഇവകളും പിന്നെ പ്രപഞ്ചം, പ്രകാശം, തഥാ മനസ്സ് എന്നീ ആദികളായീടുന്നവകള്‍ സര്‍വവും വാസനയെന്നതും വാസനാഹേതുവും പ്രാണസ്പന്ദനമായതും ഒക്കെയും ദൂരെ സമൂലം കളഞ്ഞിട്ടു സര്‍വദാ ശ്ലാഘ്യനായി നല്ലോരാകാശംകണക്ക് സൗമ്യനായി നല്‍പ്രശാന്തബൂദ്ധിമാനായി ഭവാന്‍ യാദൃശനായി (യാതൊരു പ്രകാരമുള്ളവന്‍) ഭവിക്കുന്നു; തത്ത്വതസ്താദൃശനായി (തത്ത്വത്തോട് തുല്യതപ്രാപിച്ച്) ഭവിച്ചുകൊണ്ടീടുക. ഉള്‍ക്കുരുന്നിങ്കല്‍ നിന്നൊക്കെ നീക്കി ഗതവ്യഗ്രനായി പാരിതില്‍ ആരുവാണീടുന്നുവോ, അവന്‍ മുക്തനും പരമേശ്വരനും ആണെന്നു നിസ്സന്ദേഹം പറയാം. സമാധിയോ കര്‍മ്മങ്ങളോ ഏറ്റം ചെയ്തുകൊണ്ടീടിലും ചെയ്യാതിരിക്കിലും ഉള്‍ത്താരിലുള്ള ആഗ്രഹമെല്ലാം ഉപേക്ഷിച്ച അത്യുത്തമാശയന്‍ മുക്തനായീടുന്നു. ആ മഹാത്മാവിന് നൈഷ്‌ക്കര്‍മ്മ്യം എന്തിനാണ്? സല്‍ക്കര്‍മ്മജാലങ്ങള്‍ എന്തിനാണ്? എന്തിനായിട്ട് സമാധിചെയ്തീടുന്നു? ചിന്തിക്കുകില്‍ ജപം എന്തിനാണ്? ശാസ്ത്രം നന്നായി പഠിച്ചാലും സ്വബുദ്ധികൊണ്ടോര്‍ത്തു താനേ വളരെക്കാലം വാണാലും എന്തഹോ നൂനം ഈ വാസനകൂടാതെയുള്ളോരു മൗനമല്ലാതെ നല്ലതില്ലൊന്നും. പത്തു ദിക്കും നന്നായി ചുറ്റിനടന്ന് ദൃഷ്ടവ്യമായതൊക്കെയും കണ്ട് തത്ത്വമായുള്ളതു കണ്ട ജനങ്ങള്‍ ചിലര്‍മാത്രമാണെന്നോര്‍ക്കുക. ലോകരെല്ലാരും ഉദ്യമിക്കുന്നതും സര്‍വദാ ചെയ്യും ക്രിയകളും ഒക്കെയും ദേഹത്തിനായിക്കൊണ്ടുതന്നെയാണ്; ഓര്‍ക്കുക ആത്മാര്‍ത്ഥമായി ചെയ്യുന്നതില്ലൊന്നും.
ഏതൊരു ദിക്കിലും അഞ്ചു ഭൂതങ്ങളല്ലാതെകണ്ട് ആറാമതു യാതൊന്നുമില്ല. കൃത്യമയായും നശിക്കുന്നവയും ജഡങ്ങളുമാണ് ഇവയഞ്ചും. ആകയാല്‍ നല്ല വിവേകമാര്‍ന്നുള്ളവന്‍ സര്‍പ്പലോകത്തിലോ ഭൂലോകത്തിലോ സ്വര്‍ഗ്ഗലോകത്തിലോ നല്ല വിശ്രാന്തിയെ പ്രാപിക്കുന്നതെങ്ങാണോ യുക്തിയോടുകൂടി നടന്നീടുന്നവന്ന് സംസാരം ഒരു ഗോഷ്പദ(പശുവിന്റെ കാലടിപ്പാട്)തുല്യമായീടുന്നു. യുക്തിയില്ലാത്തവന്ന് ഓര്‍ത്താല്‍ പ്രളയകാലാബ്ധിയോട് ആയതു തുല്യമായി നിന്നീടും. തത്ത്വജ്ഞന് ഈ ജഗദ്ഭാവത്തിലൊന്നിലും ഇത്തിരിപോലും കൗതുകമുണ്ടായിവരില്ല. നഗരത്തിലെ കാന്തനാകുന്ന നല്‍പ്പരിഷ്‌ക്കാരിക്ക് കുഗ്രാമനാരിയില്‍ അനുരാഗമുണ്ടാകുമോ? നിര്‍മ്മലബ്രഹ്മമഹാബ്ധിയിലെ പതകളാണ് സര്‍വകുലപര്‍വതങ്ങളും. നിശ്ചയമായും ചിത്സൂര്യഘോരാതപ മൃഗതൃഷ്ണയാണ് ഈ ജഗജ്ജാലം മുഴുവനും.
സാധോ! സുരഗുരുവിന്റെ പുത്രന്‍ കചന്‍ തീര്‍ത്ത ഗാഥയെ ഞാനിവിടെ പറയാം, നീ കേള്‍ക്കുക. മുന്നമൊരിക്കല്‍ കചന്‍ തനിയെ വിജനസ്ഥലത്തുനിന്ന് സഗദ്ഗദം ഇങ്ങനെ പറഞ്ഞു, എന്താണു ഞാന്‍ ചെയ്യേണ്ടത്? ഞാന്‍ എങ്ങു പോകേണ്ടു? ഞാന്‍ എന്തെടുക്കേണ്ടു? ഞാന്‍ എന്തിനെ തള്ളേണ്ടു? ഹന്ത! മഹാകല്പകാലജലംപോലെ ഞാന്‍ തന്നെ എങ്ങും നിറഞ്ഞിരിക്കുന്നു. ശരീരത്തിനകത്തും പുറത്തും ചുവട്ടിലും മുകളിലും പത്തുദിക്കിലും ഞാന്‍ എവിടെയുമുണ്ട്. നോക്കിയാല്‍ ഞാനില്ലാതെ ഒരിടവുമില്ല. ഞാന്‍ ഏതൊന്നിലില്ലാതെയിരിക്കുന്നു അങ്ങനയുളളതെങ്ങുമില്ലെന്നു നിസ്സംശയം പറയാം. എന്നിലില്ലാത്തത് ഓര്‍ത്തീടില്‍ ഏതൊന്നാണ്, സന്ദേഹമില്ല, ആയതില്ലാത്തതാകുന്നു. ജ്ഞാനസ്വരൂപം സമസ്തമെന്നാകയാല്‍ ഞാനാഗ്രഹിക്കേണ്ടത് എന്തിനെയാകുന്നു? ഇത്തരം നല്ല കചഗാഥയെ ഇത്തമനായ നിന്നോട് ഞാന്‍ പറഞ്ഞു.
വളരെ മഹാഗുണയുക്തരായി സത്വസ്ഥന്മാരായി ഭൂമിയില്‍ ജനിച്ചവരൊക്കെയും വാനില്‍ ചന്ദ്രബിംബങ്ങള്‍ കണക്ക് ആനന്ദമാര്‍ന്ന് സദാ വിളങ്ങുന്നു. അവര്‍ ആപത്തില്‍ അല്പവും വാടുകയില്ല. നല്ല പൊന്താമര രാത്രിയില്‍ കൂടുമോ? ഒന്നും പ്രകൃതത്തെവിട്ട് അപേക്ഷിക്കയില്ല. എപ്പോഴും ശിഷ്ടവര്‍ത്മാവില്‍ പ്രവര്‍ത്തിച്ചിടും. ചന്ദ്രന്‍ ശൈത്യത്തെയന്നപോലെ ചലിക്കാതെകണ്ട് എങ്ങും നിറഞ്ഞു വിളങ്ങുന്ന ചേതസ്സിനെ കൈവിടുന്നതില്ല; നിശ്ചയമായും അവരേതൊരാപത്തുവന്നീടിലും രാഘവ! മൈത്ര്യാദി സത്ഗുണകാന്തയാകുന്ന ആകൃതികൊണ്ട് അവര്‍ വിളങ്ങുന്നു. സാധോ! സമരസന്മാരവര്‍ സൗമ്യന്മാര്‍, സമന്മാരും സാധുവൃത്തികളുമാണെന്ന് ബോധിക്കുക. ആര്യശീലന്മാരാമവര്‍ സമുദ്രംപോലെ മര്യാദ(അതിര്)യെ നല്ലവണ്ണം കൈക്കൊണ്ടു വാഴുന്നു. യാതൊന്നുകൊണ്ടും കുലുങ്ങാത്തവരെ യാതൊരാപത്തും തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ളോര്‍ അവരെ നിരന്തരം മടികൂടാതെ അനുഗമിച്ചീടണം. ആരാണു ഞാന്‍; ഈ പരപ്പുള്ള സംസാരമാകും മലമുണ്ടായതെങ്ങനെ; എന്നിങ്ങനെ മഹാബുദ്ധിമാനായവന്‍ നന്നായി കഷ്ടപ്പെട്ടു ചിന്തിച്ചുകൊള്ളണം. കര്‍മ്മങ്ങളില്‍ ചെന്നു മൂങ്ങാതിരിക്കണം. ദുര്‍മ്മാര്‍ഗികളോട് ചേരാതിരിക്കണം. സര്‍വസംഹാര്‍ത്താവായ മൃത്യു എന്നും കാണപ്പെടുന്നില്ലല്ലൊ. എല്ലും മാംസവും രക്തവും ചേര്‍ന്നതായുള്ള ദേഹം മഹാനിന്ദ്യമാണ്, അതു ത്യജിക്കണം. ഭൂതമുക്താവലിതന്തുവായുള്ള ചിന്മാത്രം എല്ലായ്‌പ്പോഴും കണ്ടുകൊള്ളണം. എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആദിത്യദേവനിലുള്ള ചിത്ത് ഭൂരന്ധ്രകോശസ്ഥമാകുന്ന (ഭൂമിയിലെ ചെറുദ്വാരത്തില്‍ വസിക്കുന്ന) പുഴുവിലും ചേരുന്നതെന്നു ധരിക്കുക. താമസജാതിയും രാജസജാതിയും സാത്വികജാതിയും ഇപ്പാരിലെല്ലാവരും സ്വപ്രയത്‌നത്താല്‍ പ്രാപിച്ചുകൊള്ളുന്നുവെന്നും അറിഞ്ഞീടുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: