കടമ്പഴിപ്പുറം: വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതിനെ ചൊല്ലി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വീടുകയറി ആക്രമണം നടത്തിയതായി പരാതി. പതിനാലാം വാര്‍ഡിലുള്ള ടി.പി. മണികണ്ഠന് സിപിഎമ്മിന്റെ വികലമായ നിലപാടില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടതിന്റെ പേരിലാണ് ആക്രമണം.
മണികണ്ഠന് വീട്ടിലില്ലാത്ത സമയത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്രീലതയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ സംഘം ചേര്‍ന്ന് കുടുംബത്തിന് നേരെ ആക്രമണം നടത്തിയാതായാണ് പരാതി. രാത്രി 11ഓടെ ശ്രീലതയുടെ നേതൃത്വത്തില്‍ മണികണ്ഠനെ അന്വേഷിച്ചെത്തിയ സംഘം ഭീഷണിപ്പെടുത്തുകയും ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിയുകയും തനിക്കും മകനും നേരെ ആക്രമണം നടത്തുകയും ചെയ്തതായും വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തതായും മണികണ്ഠന്റെ ഭാര്യ ഷീന ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, നവനീത്, അഭിജിത്ത്, ബ്ലോക്ക് മെമ്പര്‍ പി. സുബ്രഹ്മണ്യന് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മണികണ്ഠന്റെ വീട്ടില്‍ കയറി ആക്രമിക്കുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് ജനപ്രതിനിധികള്തന്നെ അക്രമണത്തിന് നേതൃത്വം നല്‍കിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നതാക്കള്‍ അറിയിച്ചു.
സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ. ഉദയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം. മണികണ്ഠന്, ടി. ഉണ്ണിക്കുട്ടന്, വി. സജീഷ്, ബിന്ദു ഉണ്ണികൃഷ്ണന്, പ്രകാശ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: