പ്രയാഗ് രാജ്: കൊല്ലപ്പെട്ട ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദില്‍ നിന്ന് കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്കായി ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്കി യുപി സര്‍ക്കാര്‍. പെണിപൂര്ത്തിയായ 76 ഫ്ലാറ്റുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു.നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തിയത്.
പ്രയാഗ് രാജിലെ അതിഖ് അഹമ്മദില്‍നിന്ന് കണ്ടുകെട്ടിയ 1731 സ്ക്വയര്‍ മീറ്റര്‍ ഭൂമിയിലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യു.പി സര്‍ക്കാര്‍ ഫഌറ്റുകള്‍ നിര്‍മിച്ചത്. 2021 ഡിസംബര്‍ 26ലാണ് ഇതിന്റെ ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറാനും യോഗി സര്‍ക്കാരിന് സാധിച്ചു.
രണ്ടു മുറിയും അടുക്കളയും ശുചിമുറി സൗകര്യവുമുള്ള 41 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഫ്ലാറ്റിന് ആറു ലക്ഷം രൂപയാണ് വില. 6,030 പേരാണ് ഫ്ലാറ്റിനായി അപേക്ഷിച്ചത്. അതില്‍ 1,590 പേര് നറുക്കെടുപ്പിനു യോഗ്യത നേടി. ഇവരില്‍നിന്നാണ് നറുക്കെടുത്ത് 76 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്
‘2017ന് മുമ്പ് ഏത് മാഫിയയ്ക്കും പാവപ്പെട്ടവരുടെയോ വ്യവസായികളുടെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ ഭൂമി തട്ടിയെടുക്കാന്‍ കഴിയുമായിരുന്ന അതേ സംസ്ഥാനമാണിത്. പാവപ്പെട്ടവര്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇപ്പോള്‍ ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ പണിയുന്നത് അതേ ഭൂമിയിലാണ്. ഈ മാഫിയകളില്‍ നിന്ന് പിടിച്ചെടുത്തത് വലിയ നേട്ടമാണ്’ യോഗി ആദിത്യനാഥ് ചടങ്ങില്‍ പറഞ്ഞു.
2005ല്‍ ബിഎസ്പി എംഎല്‍എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് അതിഖ് അഹമ്മദ് ജയിലിലായത്. അതിഖിനെയും സഹോദരന് അഷ്റഫിനെയും ഏപ്രില്‍ 15ന് ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന രണ്ടുപേര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: