ചവറ സുരേന്ദ്രന്‍പിള്ള
ഭോപാലില്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേ, ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി ചില സൂചനകള്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധേയമാണ്. പൊതുവ്യക്തിനിയമം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ഭോപാലില്‍ പറഞ്ഞിരിക്കുന്നു. പൊതുവ്യക്തിനിയമത്തെക്കുറിച്ച് സമീപകാലത്ത് പൊതുവേദിയില്‍ ആദ്യമായാണ് പ്രധാനമന്ത്രി പരാമര്‍ശിക്കുന്നത്. ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ ഏകീകൃത സിവില്‍ നിയമം പ്രാബല്യത്തില്‍ വരുന്നത് ദേശീയോദ്ഗ്രഥനത്തിന് സഹായകരമാകുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പാര്‍ലമെന്റ് പൊതു സിവില്‍നിയമം പാസാക്കുന്നത് ഉചിതമായിരിക്കുമെന്നും ചീഫ്ജസ്റ്റിസ് ഖരെ, ജസ്റ്റിസ് എസ്.ബി. സിന്‍ഹ, ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിട്ട് വര്‍ഷങ്ങളായി.
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭാരത ഭരണഘടനയുടെ 44-ാം വകുപ്പ് ഇക്കാര്യം അനുശാസിക്കുന്നുണ്ടെങ്കിലും അതു ഇനിയും നടപ്പാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. പൗരന്മാര്‍ക്ക് ഭാരതത്തിന്റെ ഭുപ്രദേശം ഒട്ടാകെ ഏകരൂപമായി ഒരു സിവില്‍ നിയമ സംഹിത ലഭ്യമാക്കാന്‍ രാഷ്‌ട്രം യത്‌നിക്കേണ്ടതാണ് എന്നാണ് ഭരണഘടനയുടെ 44-ാം വകുപ്പ് അനണ്ടുശാസിക്കുന്നത്. 1949 നവംബര്‍ 26ന് അംഗീകരിച്ച് രാഷ്‌ട്രത്തിനു സമര്‍പ്പിച്ചതും 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വന്നതുമായ നിയമ പ്രപഞ്ചമായ ഭാരത ഭരണഘടനയില്‍ ഏകീകൃത സിവില്‍ നിയമത്തിനായി ഭരണഘടനാ നിര്‍മാണ സമിതിയിലെ പ്രഗത്ഭന്മാരും വിദഗ്ധരും വിദ്യാഭ്യാസ വിചക്ഷണന്മാരും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ ആലോചിച്ചിരുന്നു എന്നു നോക്കുക! പൊതു സിവില്‍നിയമം എന്ന തത്വം ഭരണഘടനയില്‍ എഴുതി ചേര്‍ത്ത നണ്ടാള്‍മുതല്‍ ആ വിഷയം നിരന്തരമായ വിവാദങ്ങള്‍ക്ക് വിഷയമാകുകയായിരുന്നു. അത് ഇന്നും തുടരുന്നു. ഭാരതത്തില്‍ ഓരോ മതത്തിലുംപെട്ടവര്‍ക്ക് അവരവരുടേതായ നിയമങ്ങള്‍ ഉള്ളതിനണ്ടാല്‍ ഒരു ഏകീകൃത സിവില്‍ നിയമം പാസാക്കുക എന്നത് നിസ്സാരമായ സംഗതിയല്ല. രാജ്യത്താകമാനം ഒരു ഏകീകൃത സിവില്‍ നിയമം എന്ന ആത്യന്തികമായ ലക്ഷ്യ സാക്ഷാത്ക്കാരത്തിലേക്ക് എല്ലാ മതവിഭാഗത്തില്‍പെട്ടവരും നീങ്ങുന്ന പക്ഷം അത് ഇന്നു കാണുന്ന മതവൈരത്തിനും ഉച്ചനീചത്വങ്ങള്‍ക്കും അറുതി വരുത്തുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്.
1955 ലെ ഹിന്ദു മാര്യേജ് ആക്ട്, 1956 ലെ ഹിന്ദു സക്‌സെഷന്‍ ആക്ട് എന്നിവ ഘട്ടംഘട്ടമായി പാസാക്കിക്കൊണ്ടിരുന്ന ഹിന്ദുകോഡ് ഏകീകൃത സിവില്‍ കോഡിനൊരു മാതൃകയാണ്. എല്ലാ വിഭാഗത്തിലുംപെട്ട വനിതകള്‍ക്കും അവരുടെ കുട്ടികള്‍ക്കും നീതി ലഭ്യമാക്കുന്നതിനും അവര്‍ക്ക് കുടുംബത്തിലും സ്വത്തിലും തുല്യാവകാശം നല്‍കുന്നതിനും പിതാവില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ നേരിടുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും സന്തോഷപ്രദവും ഐശ്വര്യപ്രദവുമായ ഒരു ജീവിതം നയിക്കുന്നതിനുള്ള അവസരം നല്‍കുന്നതിനുമുള്ള വിഷയങ്ങളാണ് പൊതു സിവില്‍ നിയമത്തിന്റെ കാതല്‍. പൊതു സിവില്‍ നിയമം വഴി ജാതിമതഭേദമെന്യേ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഭാര്യമാര്‍ക്കും ചില അവസരങ്ങളും ആശ്വാസ നടപടികളും ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നതെന്ന കാര്യം മനസ്സിലാക്കിയാല്‍ എതിര്‍പ്പ് ഒഴിവാക്കാം. മതത്തിന്റെ പേരില്‍ എല്ലാ സാമൂഹ്യ നീതി ബോധങ്ങളെയും ധാര്‍മികതയെയും ചവിട്ടിമെതിച്ച് വനിതകളെയും കുട്ടികളെയും തങ്ങളുടെ കൈകളിലെ കളിപ്പാവകളാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. വനിതകളെയും കുട്ടികളെയും ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ ആശയ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നില്ല.
സ്വന്തം ഭാര്യയോടും കുട്ടികളോടും അതീതി കാട്ടിയിട്ട് നിയമത്തിന്റെ പക്കല്‍ നിന്ന് ഔദാര്യങ്ങള്‍ നേടാന്‍ മതത്തെ ഉപയോഗിക്കുന്നതും തെറ്റു തന്നെയാണ്. അത് മതത്തെ വളച്ചൊടിക്കലുമാണ്. വിവാഹം കഴിച്ച് കുട്ടികളായതിനുശേഷം സ്ത്രീകളെ കൈയൊഴിയുന്നത് ഗുരുതരമായ ഒരു കുറ്റകൃത്യം എന്ന നിലയില്‍ തന്നെ നേരിടണം. തന്നിഷ്ടം കാണിക്കുവാനോ മറ്റുള്ളവര്‍ക്ക് ഹാനി ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുവാനോ ഉള്ളതല്ല മതം. സാമൂഹ്യ ജീവിതത്തെ തകിടം മറിക്കാന്‍ മതത്തെ ഉപയോഗിക്കുന്നത് ശരിയുമല്ല. 2011 ലെ സെന്‍സസ് അനുസരിച്ച് ഭാരതത്തില്‍ 97 കോടി ഹിന്ദുക്കളും 17.22 കോടി മുസ്ലീമുകളും 2.78 കോടി ക്രിസ്ത്യാനികളും 2.08 കോടി സിഖുകാരും 84.43 ലക്ഷം ബുദ്ധമതക്കാരും 44.52 ലക്ഷം ജൈന മതക്കാരും 79.38 ലക്ഷം മറ്റുള്ളവരും ഒന്നിലും പെടാത്തവര്‍ 28.67 ലക്ഷവും ഉണ്ടെന്നാണ് ചൂണ്ടികാട്ടുന്നത്. അതായത് ഹിന്ദുക്കള്‍ 79.80 ശതമാനവും മുസ്ലീംകള്‍ 14.23 ശതമാനവും ക്രിസ്ത്യാനികള്‍ 2.30 ശതമാനവും സിഖുകാര്‍ 1.72 ശതമാനവുമാണ് നമ്മുടെ ജനസംഖ്യയില്‍. 28 സംസ്ഥാനങ്ങളില്‍ ഭുരിപക്ഷവും ഹിന്ദുക്കളാണ്. ജമ്മു കാശ്മീരില്‍ 28.44 ശതമാനം ഹിന്ദുക്കളും 68.31 ശതമാനം മുസ്ലിംകളുമാണ്. കേരളത്തില്‍ 54.73 ശതമാനം ഹിന്ദുക്കളും 26.56 ശതമാനം മുസ്ലീംകളുമാണ്. ആസാമില്‍ 34.22 ശതമാനവും പശ്ചിമ ബംഗാളില്‍ 27.01 ശതമാനവും ഉത്തര്‍പ്രദേശില്‍ 19.26 ശതമാനവും മാത്രമാണ് മുസ്ലീംകള്‍. മറ്റു സംസ്ഥാനങ്ങളിലെല്ലാം മൂന്നു ശതമാനത്തിനും താഴെയാണ് മുസ്ലീംകള്‍.
ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരില്‍ ജനങ്ങള്‍ ഏറ്റുമുട്ടുന്നു. തീവ്രവാദവും വിഘടന വാദവും വളര്‍ത്തുന്നതില്‍ മതങ്ങള്‍ പങ്കുചേരുന്നു. നിയമം മതനിരപേക്ഷവുമാണ്. ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കു വേണ്ടി പ്രത്യേകം പ്രത്യേകം നിയമമുണ്ടാക്കുക അസാധ്യവും അനാവശ്യവുമാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. വിശ്വാസ സാതന്ത്ര്യം ഓരോ പൗരനുമുള്ള ഭരണഘടനാ അവകാശമാണ്. അവര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും അതുപ്രകാരം ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കരുതെന്നു മാത്രം. യാഥാസ്ഥിതികത്വവും പുരുഷന്മാരുടെ സങ്കുചിത താല്‍പര്യങ്ങളുമാണ് ഏകീകൃത വ്യക്തി നിയമത്തിനെ എതിര്‍ക്കുന്നതിനു കാരണം. നിയമം ഒരിക്കലും തെറ്റു ചെയ്യാത്തവരെ ശിക്ഷിക്കാറില്ല. തെറ്റ് ചെയ്യുന്നവര്‍ക്ക് എതിരെയാണ് നിയമത്തിന്റെ കരങ്ങള്‍ നീളുന്നത്. ഇതു സത്യമാണെങ്കില്‍, സദ്പ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്നു എന്നവകാശപ്പെടുന്ന മതമേധാവികളും യാഥാസ്ഥിതികരും നിയമത്തെ എന്തിനു ഭയക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: