Categories: Football

ഹാവേര്‍ട്‌സിനെ ആര്‍സനല്‍ സ്വന്തമാക്കി

Published by

ലണ്ടന്‍: രാജ്യാന്തര ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും ഒരു പോലെ തിളങ്ങുന്ന ജര്‍മനിയുടെ മിന്നും താരം കായി ഹാവേര്‍ട്‌സിനെ ആര്‍സനല്‍ സ്വന്തമാക്കി. ദീര്‍ഘകാല കരാറാണ് താരവും ക്ലബ്ബും തമ്മിലുണ്ടാക്കിയിരിക്കുന്നത്. മറ്റൊരു പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയില്‍ നിന്നാണ് പുതിയ ക്ലബ്ബിലേക്കുള്ള ജര്‍മന്‍ താരത്തിന്റെ കൂടുമാറ്റം.

പുതിയ സീസണ്‍തുടങ്ങാനിരിക്കുമ്പോള്‍ അര്‍സനല്‍ ഇക്കുറി ആദ്യമായി സൈന്‍ ചെയ്ത താരമാണ് ഹാവേര്‍ട്‌സ്. എത്ര തുകയ്‌ക്കാണ് ഹാവേര്‍ട്‌സിനെ ആര്‍സനല്‍. സ്വന്തമാക്കിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് മാധ്യമങ്ങളില്‍ 75 ദശലക്ഷം പൗണ്ട് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും അര്‍സനലോ ചെല്‍സിയോ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

24കാരനായ ഹാവേര്‍ട്‌സ് ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലെ പ്രധാന താരമാണ്. 35 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ 13 ഗോളുകള്‍ നേടി. കഴിഞ്ഞ ലോകകപ്പിലടക്കം കളിച്ചു.

ജര്‍മന്‍ ടീം ബയെര്‍ ലെവര്‍കൂസെന്‍ ക്ലബ്ബില്‍ കളി പഠിച്ച താരമാണ് ഹാവേര്‍ട്‌സ്. 2016ല്‍ ക്ലബ്ബിന്റെ പ്രധാന ടീമില്‍ ഇടം പിടിക്കുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ബുന്‍ഡസ് ലിഗ താരം എന്ന റെക്കോഡുമായാണ് ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. 17 വയസും 126 ദിവസവുമായിരുന്നു അന്ന് താരത്തിന്റെ പ്രൊയം. 2017 ഏപ്രിലില്‍ ലെവര്‍കൂസനുവേണ്ടി ആദ്യ ഗോള്‍ നേടിയപ്പോള്‍ മറ്റൊരു റെക്കോഡും തിരുത്തിക്കുറിച്ചു. ക്ലബ്ബിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. വുള്‍ഫ്‌സ് ബര്‍ഗിനെതിരെ 3-3 സമനിലയില്‍ കലാശിച്ച കളിയില്‍ ഒരു ഗോളായിരുന്നു ഹാവേര്‍ട്‌സിന്റെ പേരില്‍ കയറിയത്. 150 കളികളില്‍ ബയെര്‍ ലെവര്‍കൂസനുവേണ്ടി കളിച്ച് 46 ഗോളുകള്‍ നേടി. 31 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 2020ലാണ് ബുന്‍ഡസ് ലിഗയില്‍ നിന്നും കായി ഹാവേര്‍ട്‌സ് പ്രീമിയര്‍ ലീഗിലെത്തുന്നത്. ലെവര്‍കൂസനില്‍ നിന്നും ചെല്‍സി സ്വന്തമാക്കി. മൂന്ന് സീസണുകളിലായി ചെല്‍സിക്കുവേണ്ടി 139 കളികള്‍ കളിച്ചു. 32 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ സിറ്റിയെ ഫൈനലില്‍ തോല്‍പ്പിച്ച് ചെല്‍സി 2021 യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയപ്പോള്‍ ഫൈനലിലെ വിജയഗോള്‍ ഹാവേര്‍ട്‌സിന്റെ വകയായിരുന്നു.

ഗോളടിക്കുന്നതിനൊപ്പം പിന്നോട്ടിറങ്ങി കളിമെനയുന്നതിലും ഒരുപോലെ മിടുക്കുള്ള താരമാണ് ഹാവേര്‍ട്‌സ്. താരത്തെ ടീമിലേക്ക് എതിരേല്‍ക്കുമ്പോള്‍ ആര്‍സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ അടക്കമുള്ളവര്‍ ഏറെ ആവേശത്തിലാണ്. വൈദഗ്ധ്യവും ബുദ്ധിയുമുള്ള പ്ലേയറാണ് താരമെന്ന് അര്‍ട്ടേറ്റ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക