ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ കേസില്‍ അന്വേഷണ സംഘത്തിന് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമെന്ന് സൂചന. പ്രധാന ഇടനിലക്കാരനായ എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം അബിന്‍ സി. രാജ് മുഖേന നിരവധി ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരും കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതായി വിവരം പുറത്തു വന്നിട്ടും അതേക്കുറിച്ച് അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്. പരാതിയില്ലാത്തതാണ് കാരണമായി പറയുന്നത്.
നിഖില്‍ തോമസിന്റെ കേസ് മാത്രമാണ് പോലീസ് അന്വേഷിക്കുന്നത്. കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പാള്‍ എ. മുഹമ്മദ് താഹ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. നിഖിലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുമ്പോള്‍ മറ്റാരിലേക്കും അന്വേഷണം പോകാതിരിക്കാന്‍ ഭരണ പക്ഷത്ത് നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നാണ് സൂചന. കലിംഗ സര്‍വകലാശാലയുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കായംകുളത്ത് മാത്രം പത്തിലേറെ പേര് കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് വിവരം. സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ നയിക്കുന്ന ഫേയ്സ് ബുക്ക് യുദ്ധത്തില്‍ ഇയാളുടെ വിവരങ്ങള്‍ രേഖകള്‍ സഹിതം ഒരു പക്ഷം പുറത്തുവിട്ടിരുന്നു. നേരത്തെ ഇയാളുടെ ഫേയ്സ്ബുക്ക് പ്രൊഫൈലില്‍ കലിംഗ സര്‍വകലാശാലയില്‍നിന്നുള്ള നിയമബിരുദം ചേര്‍ത്തിരുന്നു. നിഖില്‍ തോമസിന്റെ ബിരുദം വ്യാജമാണെന്ന വാര്‍ത്ത വന്നതോടെ അയാള്‍ ഫേയ്സ് ബുക്ക് ബ്ലോക്ക് ചെയ്തു.
അതിനിടെ കേസില്‍ പാലാരിവട്ടത്തെ ഓറിയോണ്‍ ഏജന്‍സി ഉടമ സജു.എസ്. ശശിധരന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇയാളെ പിടികൂടിയാല്‍ മാത്രമേ എങ്ങനെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരൂ. ഇയാള്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പത്തോളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മാള്‍ട്ടയിലേക്ക് ആളുകളെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിസ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസുള്ളത്. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു.
കേസിലെ രണ്ടാംപ്രതി അബിന്‍ സി. രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. നിഖിലിന്റെ കസ്റ്റഡി കാലാവധി ഇന്നു തീരും. നിഖിലിന്റെ കസ്റ്റഡി ദീര്‍ഘിപ്പിക്കുന്നതിന് പോലീസ് അപേക്ഷ നല്‍കും. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അബിന്‍ സി രാജിന്റെ ഫോണും പോലീസിന് പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. ഒന്നര മാസം മുന്‍പ് വാങ്ങിയ ഫോണാണ് നിലവില്‍ അബിന്റെ കൈയിലുള്ളത്. പഴയ ഫോണ്‍ നശിച്ചുപോയെന്നാണ് അന്വേഷണ സംഘത്തോട് അബിന്‍ പറയുന്നത്. എന്നാല്‍ മാലിയിലെ അബിന്റെ വസതിയില്‍ നിന്ന് ലാപ്ടോപ്പും പഴയ ഫോണും കണ്ടെത്തി പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. കനാലില്‍ കളഞ്ഞു എന്ന് പറയുന്ന നിഖിലിന്റെ ഫോണ്‍, സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: