ദീപ്തി എം. ദാസ്
കാലടി: പെരിയാറിന് കുറുകെയുളള സമാന്തര പാലത്തിന്റെ പൈലിങ് ജോലികള്‍ പുരോഗമിക്കുന്നു. പുഴയിലെ ജലനിരപ്പ് ഉയരുന്നതിന് മുമ്പ് വെളളത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ തീര്‍ക്കാവുന്ന നിലയിലാണ് പണികള്‍ പുരോഗമിക്കുന്നത്. പുഴയിലെ 7 പില്ലറിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷം താന്നിപ്പുഴ ഭാഗത്തേക്ക് പൈലിങ് ആരംഭിക്കും. പുഴയുടെ ഒഴുക്കിന് തടസമാകാതിരിക്കാനാണ് രണ്ട് ഘട്ടമായി പണികള്‍ നടത്തുന്നത്. 12 പില്ലറുകളാണ് പുഴയിലും ഇരുകരകളിലുമായി പണിതുയര്‍ത്തേണ്ടത്. 2024 ഒക്ടോബറില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തികരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 5 മീറ്റര്‍ മാറി 499 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണു പുതിയ പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ രണ്ടുവശവും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത. 2 വര്‍ഷമാണു നിര്‍മാണ കാലാവധി. 49 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ ബില്‍ഡേഴ്സിനാണു നിര്‍മാണക്കരാര്‍.
2012 ല്‍ സര്‍ക്കാര്‍ പാലം പണിക്കായി പണം വകയിരുത്തിയെങ്കിലും അലൈന്മെന്റ്, ഭൂമിയേറ്റെടുക്കല്‍, ബൈപ്പാസ് നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ത്തട്ടി പദ്ധതി ഇഴയുകയായിരുന്നു. വലിയ കുഴികള്‍, വീതിയില്ലായ്മ, പാലത്തിന്റെ ബലക്ഷയം തുടങ്ങിയ കാരണങ്ങളാല്‍ വാഹനങ്ങള്‍ കാലടി കടന്ന് കിട്ടുക പ്രയാസമായിരുന്നു. പാലം പണി പൂര്‍ത്തിയായാല്‍ എംസി റോഡിലെ ഗതാഗതകുരുക്കിന് വലിയ പരിഹാരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: