കൊല്‍ക്കത്ത: കേരള നിയമസഭയില്‍ നിന്നുള്ള മൂന്നംഗ പഠനസംഘത്തിന് കൊല്‍ക്കത്ത രാജ്ഭവനില്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ ഊഷ്മള സ്വീകരണം. പിസി വിഷുനാഥ് (ചെയര്മാന്), എന്‍.ജെ അക്ബര്‍, എം.വിജിന് എന്നിവരുള്‍പ്പെട്ടതാണ് നിയമസഭപഠനസംഘം. സഭയില്‍ മേശപ്പുറത്തുവയ്ക്കുന്ന പേപ്പറുകള്‍ സംബന്ധിച്ച നിയമസഭാ കമ്മിറ്റിയംഗങ്ങളാണ് മൂവരും.
കേരളത്തിൽ നിന്നുള്ള നേതാക്കളെ കൊല്‍ക്കത്തയില്‍ കണ്ടതില്‍ ഡോ.ആനന്ദബോസും നാട്ടുകാരനായ ഗവര്‍ണറെ രാജ്ഭവനില്‍ കാണാനായതില്‍ എം.എല്‍ എമാരും ആനന്ദം പങ്കുവെച്ചു. സംഘം കൊല്‍ക്കത്തയിലെത്തുമ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കടുക്കുന്ന പശ്ചിമബംഗാളില്‍ രാഷ്ട്രീയാന്തരീക്ഷം അത്യന്തം കലുഷിതമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പതിനഞ്ചുദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് മാരകമായ പരിക്കേറ്റു.
അധികൃതരുടെ ഭാഗത്തുനിന്ന് നീതിലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന് അന്തരീക്ഷം തണുപ്പിക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് രാജ്ഭവനില്‍ സജ്ജീകരിച്ച പീസ് റൂമും ദ്രുത പരിഹാര സെല്ലും എം എല്‍ എ മാര്‍ സന്ദര്‍ശിച്ചു. ആറുദിവസം ദിവസം മുന്‍പ് തുടക്കം കുറിച്ച ഈ സംവിധാനങ്ങളിലേക്ക് അക്രമങ്ങളും അനീതിയും സംബന്ധിച്ച് ഇപ്പോള്‍ പരാതിപ്രവാഹമാണ്. ഇതിനകം നേരിട്ടും ഫോണിലുമായി ആയിരത്തിലേറെ പരാതികളും പരിദേവനങ്ങളും ഇവിടെയെത്തി.
രാജ്ഭവനിലെ പത്തു ജീവനക്കാര്‍ ഉള്‍പ്പെട്ടതാണ് പീസ് റൂം. പുറമെയാണ് ഗവര്‍ണറുടെ ഒ എസ് ഡി നേതൃത്വം നല്കുന്ന റാപ്പിഡ് റെസ്പോണ്‍സ് സെല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: