മുന്‍ സിപിഎം നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനും ‘ദേശാഭിമാനി’ അസോസിയേറ്റ് എഡിറ്ററുമായിരുന്ന ജി. ശക്തിധരന് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകള്‍ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അത്ര വേഗമൊന്നും കെട്ടടങ്ങാന്‍ പോകുന്നില്ല. തിരുവനന്തപുരം മുതല്‍ അമേരിക്കയിലെ ടൈംസ് സ്ക്വയര്‍ വരെ പ്രശസ്തനും കോടീശ്വരനുമായ ഒരു രാഷ്ട്രീയ നേതാവ് ചില വന്‍തോക്കുകളില്‍നിന്ന് ലഭിച്ച രണ്ടരകോടിയിലേറെ രൂപ ദേശാഭിമാനി പത്രത്തിന്റെ കലൂര്‍ ഓഫീസില്‍നിന്ന് കൈതോലപ്പായയില്‍ പെണ്ടാതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഈ പണം കാറില്‍ കൊണ്ടുപോകുമ്പോള്‍ ഇപ്പോഴത്തെ പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാള്‍ ഒപ്പമുണ്ടായിരുന്നുവെന്നും ശക്തിധരന് പറയുന്നു. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മറ്റെവിടെനിന്നെങ്കിലും ലഭിച്ച വിവരമോ, കേട്ടുകേള്‍വിയോ ഒന്നുമല്ല ശക്തിധരന് പങ്കുവയ്ക്കുന്നത്. ദേശാഭിമാനി ജീവനക്കാരനായിരിക്കെ താന്‍ കൂടി പങ്കാളിയായ ഒരു സംഭവത്തിന്റെ നേരറിവുകളാണ്. പണം എണ്ണുന്നതിന് താനും ഈ നേതാവിനെ സഹായിച്ചുവെന്നും, ചരിത്രപുരുഷനായ ഒരു നേതാവിന്റെ മൂത്തമകനും താനും ചേര്‍ന്നാണ് പണം പൊതിയാന്‍ കൈതോലപ്പായകള്‍ വാങ്ങിയതെന്നും ശക്തിധരന് പറയുമ്പോള്‍ സംശയിക്കേണ്ടതില്ല. ശക്തിധരന്റെ രാഷ്ട്രീയ പശ്ചാത്തലവും സിപിഎം നേതൃത്വവുമായുള്ള അടുപ്പവും പരിഗണിക്കുമ്പോള്‍ പറയുന്നതിന്റെ വിശ്വാസ്യതയേറുന്നു. അന്നത്തെ കൈതോലപ്പായയാണ് പിന്നീട് ഈന്തപ്പഴവും വിശുദ്ധഗ്രന്ഥവും ബിരിയാണി ചെമ്പുമൊക്കെയായി രൂപംമാറിയത്.
ശക്തിധരന് പറയുന്ന പണംകടത്തിലെ നായകനും ഒപ്പം സഞ്ചരിച്ച ഇപ്പോഴത്തെ മന്ത്രിയും, പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സഹായിച്ചയാളും ആരൊക്കെയെന്ന് അധികമൊന്നും ഊഹിക്കേണ്ടിവരുന്നില്ല. സിപിഎമ്മിന്റെ രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് ഈ കഥാപാത്രങ്ങളെ പെട്ടെന്ന് പിടികിട്ടും. തിരിച്ചറിയാനുള്ള കൃത്യമായ സൂചനയും വെളിപ്പെടുത്തിയയാള്‍ നല്കിയിട്ടുണ്ടല്ലോ. ഈ പണത്തിന്റെ സ്രോതസ്സ് ഏതാണ്, ആര് എന്തിന് നല്കി, ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കള്‍ എന്നെല്ലാം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടതുപോലെ ശരിയായ ഒരു അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന അധാര്‍മികവും നിയമവിരുദ്ധവുമായ ഒരു രീതിയാണിത്. നേതാക്കള്‍ സംഘടിതവും ആസൂത്രിതമായും നടത്തുന്ന കൂറ്റന്‍ അഴിമതികള്‍ പാര്‍ട്ടിയുടെ പേരില്‍ ന്യായീകരിക്കുന്ന പ്രവണത ഒരുതരം കേരള മോഡല്‍ തന്നെയാണ്. മറ്റുള്ളവര്‍ നടത്തുന്ന അഴിമതി തെറ്റ്. സിപിഎം നടത്തുന്ന അഴിമതി ശരിയും, വിഭവസമാഹരണവുമായി കാണുന്ന വിചിത്ര രീതിയുണ്ട്. സിപിഎമ്മിനു വേണ്ടി പണം സമ്പാദിക്കുന്നവര്‍ ആദ്യമൊക്കെ അതിന്റെ വിഹിതം മാത്രം കൃത്യമായി എടുക്കുന്നു. പിന്നീടങ്ങോട്ട് ഏതാണ്ട് മുഴുവനായി തന്നെ നേതാക്കള്‍ സ്വന്തമാക്കുകയാണ് പതിവ്. പണം ലഭിക്കാന്‍ പല സ്രോതസ്സുകളുള്ളപ്പോള്‍ പാര്‍ട്ടി നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാവില്ല. ഇത് വളരെ വ്യവസ്ഥാപണ്ടിതമായ രീതിയില്‍ നടപ്പാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഇത് വെറും ആരോപണമല്ല, പലരുടെയും അനുഭവമാണ്. അടുത്തിടെ പുറത്തുവന്ന സഹകരണസംഘങ്ങളിലെ അഴിമതി ഇതിന് തെളിവാണല്ലോ.
ശക്തിധരന്റെ വെളിപ്പെടുത്തല്‍ വന്നശേഷം എല്ലാവരും ഉറ്റുനോക്കിയിരുന്നത് സിപിഎമ്മും മുഖ്യമന്ത്രി പണ്ടിണറായി വിജയനും എങ്ങനെ പ്രതികരിക്കുമെന്നാണ്. പോയന്റ് ബ്ലാങ്കിലെ ഒരു വെടിവെപ്പാണ് ഇതെന്നതിനാല്‍ ഒഴിഞ്ഞുമാറാന്‍ കഴിയുന്നില്ല. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് ഒരു എംപി തന്നെ പരാതിയും നല്കിയിരിക്കുന്നു. എവിടെയാണോ പരാതി നല്‍കിയിട്ടുള്ളത് അവിടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്റെ ചൊല്‍പ്പടിക്കു നില്ക്കുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് പരിശോധിപ്പിച്ച് ആരോപണം തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണറിയുന്നത്. കോവളത്തെ ഹോട്ടലില്‍ ഒരു കോടീശ്വരനണ്ടില്‍നിന്ന് ആരോപണവിധേയനായ നേതാവ് രണ്ട് പെട്ടി കറന്‍സി കൈപ്പറ്റിയതായും ശക്തിധരന് പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡീലറുമായി ചേര്‍ന്ന് കേരളത്തിനകത്തും പുറത്തുമായി 1500 ഏക്കര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്ന് ബെംഗളൂരുവിലെ ഒരു മാധ്യമപ്രവര്‍ത്തകയും വെളിപ്പെടുത്തിയിരിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. പിണറായി വിജയനെപ്പോലെ ഇത്രയേറെ അഴിമതിയാരോപണങ്ങള്‍ നേരിട്ടിട്ടുള്ള ഒരു മുഖ്യമന്ത്രി രാജ്യത്തില്ല. കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ പ്രസംഗിക്കുമ്പോള്‍ പ്രമുഖ നേതാക്കള്‍ നടത്തിയതായി ആരോപണമുയര്‍ന്നിട്ടുള്ള അഴിമതികളുടെ കണക്കുസഹിതം പറഞ്ഞത്. പിണറായിയുടെ കാര്യത്തില്‍ ഇങ്ങനെയൊരു കണക്കെടുത്താല്‍ എല്ലാവര്ക്കും മുന്നിലാവാനാണ് സാധ്യത. സത്വരമായ അന്വേഷണം ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: