പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിവിലായിരുന്ന പ്രതി സജീവന് കൊല്ലപ്പള്ളി (48) പിടിയില്‍. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ ബത്തേരി കോട്ടക്കുന്നില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീവന് അറസ്റ്റിലായത്.
കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ഒളിവിലായിരുന്ന സജീവന് കീഴടങ്ങുന്നതിനായി പുല്‍പ്പള്ളിക്കു വരികയായിരുന്നുവെന്നാണ് വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട് കേളക്കവലയിലെ ഡാനിയേല്‍, സാറാക്കുട്ടി ദമ്പതികള്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും കേളക്കവല ചെമ്പകമൂലയിലെ കര്ഷകന് രാജേന്ദ്രന് നായരുടെ ആത്മഹത്യയില്‍ പ്രേരണക്കുറ്റത്തിനുള്ള കേസിലും സജീവന് പ്രതിയാണ്. സജീവനെ പിടികൂടുന്നതിന് കര്‍ണാടകയില്‍ മലയാളികള്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്ന പ്രദേശങ്ങളില്‍ അടുത്തിടെ പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. സജീവന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോള്‍ വിവരവും പരിശോധിച്ചിരുന്നു.
ഇതോടെ വയ്പ തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, മുന്‍ ഡയറക്ടര്‍ വി.എം. പൗലോസുകുട്ടി എന്നിവരാണ് നേരത്തേ പിടിയിലായത്. ഇവര്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് അബ്രഹാം അറസ്റ്റിലായത്. കോണ്‍ഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റാണ് തിങ്കളാഴ്ച്ച റിമാന്‍ഡിലായ പൗലോസുകുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: