രാംമനോഹര്‍ ലോഹ്യയുടെ ശിഷ്യന്മാരെന്നറിയപ്പെടുമ്പോഴും അഴിമതിയും ദുര്‍ഭരണവും കാഴ്ചവച്ച് സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളെ നിരാശപ്പെടുത്തിയ നേതാക്കളാണ് മുലായംസിങ് യാദവും ലാലുപ്രസാദ് യാദവും. ദീര്‍ഘകാലം ബിജെപിക്കൊപ്പം നിന്ന നിതീഷ്കുമാറും സഖ്യം ഉപേക്ഷിച്ച് ലാലുവിനൊപ്പം കൂടിയതോടെ ബീഹാറിലെ അഴിമതിക്കഥകളില്‍ ഇടംപിടിച്ചു തുടങ്ങിയിട്ടുണ്ട്. ഗംഗാതടത്തിലെ സ്വാധീനമേറിയ നേതാക്കളായി മാറിയെങ്കിലും മൂവര്‍ക്കും പ്രധാനമന്ത്രിപദമെന്ന സ്വപ്നം ബാക്കിയാണ്. മുലായം സിങ് യാദവ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. അഴിമതിക്കേസുകളില്‍ പെട്ട് ജയിലിലും അസുഖങ്ങള്‍ മൂലം ആശുപത്രികളിലുമാണ് ലാലുപ്രസാദ് യാദവിന്റെ ജീവിതം. അവശേഷിക്കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. ബിജെപിയുടെ തണലുപറ്റി രണ്ടുപതിറ്റാണ്ടായി ബീഹാര്‍ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കുകയെന്ന തന്ത്രമാണ് നിതീഷ്കുമാറിനെ ഇപ്പോഴും പ്രസക്തനായി നിലനിര്‍ത്തുന്നത്. ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലുപ്രസാദ് യാദവിനൊപ്പമാണ് നിതീഷ് കുമാറിന്റെ ഇപ്പോഴത്തെ രാഷ്ട്രീയം. ഇനി അവശേഷിക്കുന്ന ഏക മോഹം പ്രധാനമന്ത്രി പദം മാത്രമാണ്. അതു നന്നായി അറിയുന്ന കോണ്‍ഗ്രസ് നേതൃത്വം നിതീഷിനെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന നാടകം മാത്രമാണ് പ്രതിപക്ഷ മഹാസഖ്യം. പ്രധാനമന്ത്രി പദത്തിലേക്ക് ആരും തന്നെ നിതീഷ്കുമാറിനെ അംഗീകരിക്കുന്നില്ലെങ്കിലും നിതീഷിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചാല്‍ പങ്കെടുക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടില്ല എന്നതു തന്നെ കാരണം. ഇതൊരു തട്ടിക്കൂട്ട് കമ്പനിയാണെന്ന് കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും മുതല്‍ സിപിഐ നേതാവ് ഡി. രാജയ്ക്കും വരെയറിയാം. എന്നാല്‍ പ്രധാനമന്ത്രി പദമോഹവുമായി ജീവിക്കുന്ന നിതീഷ് കുമാറിന് മാത്രം തന്നെ മുന്നില്‍ നിര്‍ത്തിയുള്ള ഈ നാടകത്തെപ്പറ്റി വലിയ ധാരണയില്ലെന്ന് തോന്നും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് വരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള ഒരു വേദിയായി നിതീഷ്കുമാറും ബീഹാറും മാറുമെന്ന പ്രഖ്യാപനത്തോടെയാണ് കഴിഞ്ഞയാഴ്ച പാട്നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം സംഘടിപ്പിച്ചത്. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒരു വിഭാഗം വിട്ടുനിന്ന യോഗത്തില്‍, പങ്കെടുത്തവര്‍ പോലും കോണ്‍ഗ്രസുമായി യോജിക്കാനാവില്ലെന്ന നിലപാടുകാരാണെന്നതാണ് ശ്രദ്ധേയം.
പതിനാല് പാര്‍ട്ടികളാണ് പാട്നയിലെ പ്രതിപക്ഷ യോഗത്തിനെത്തിയത്. പ്രാദേശികമായ എല്ലാ ഭിന്നതകളും മറന്ന് ദേശീയ തലത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് സഖ്യം ലക്ഷ്യമിടുന്നതെങ്കിലും പ്രാദേശിക വിഷയങ്ങളില്‍ തട്ടി ആദ്യ യോഗത്തില്‍ തന്നെ ഭിന്നത പ്രകടമായി. ആം ആദ്മി പാര്‍ട്ടിയാണ് ആദ്യ വെടിപൊട്ടിച്ചത്. ദല്‍ഹിയിലെ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തണമെന്നായിരുന്നു ആപ്പിന്റെ ആവശ്യം. ആപ്പിന്റെ ദുര്‍ഭരണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന് കോണ്‍ഗ്രസിന്റെ കൂടി പിന്തുണ ലഭിച്ചിരുന്നു. ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് തള്ളിപ്പറയണമെന്നും അതുചെയ്തില്ലെങ്കില്‍ സഖ്യത്തിനില്ലെന്നും ആപ് പറഞ്ഞു. ദല്‍ഹി വിഷയം പാട്നയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും സ്വീകരിച്ചത്. ആപ്പിന്റെ ആവശ്യം പ്രതിപക്ഷ സഖ്യത്തിന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും തള്ളിക്കളഞ്ഞു. ഇതോടെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സഖ്യനേതൃത്വത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിഷേധിച്ച ആപ്പിന്റെ നടപടി തുടക്കത്തിലേ കല്ലുകടിയായി.
ബംഗാളിലും പ്രതിപക്ഷ സഖ്യം പാളുമെന്നുറപ്പായിക്കഴിഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ യോഗത്തിനെത്തിയെങ്കിലും കോണ്‍ഗ്രസുമായും സിപിഎമ്മുമായും യാതൊരു തരത്തിലുമുള്ള സഖ്യത്തിനും മമത തയ്യാറല്ല. പ്രതിപക്ഷ സഖ്യം ബംഗാളില്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിട്ടുണ്ട്. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലാണ്. കഴിഞ്ഞ രണ്ടു മൂന്നു തെരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ ഈ സഖ്യം യോജിച്ചു മത്സരിച്ചെങ്കിലും വലിയ പരാജയമാണ് നേരിട്ടത്. ക്ലച്ചുപിടിക്കാന്‍ സാധിക്കാത്ത സിപിഎം കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ ഇരുവര്‍ക്കും ബാധ്യതയാണുതാനും. ഇതിനിടെയാണ് കേരളത്തിലെ ഇടതുകോണ്‍ഗ്രസ് പോര്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ മുഴുവന്‍ പിണറായി വിജയന് സര്‍ക്കാര്‍ കേസുകളില്‍ പെടുത്തി ഉപദ്രവിക്കുകയാണെന്നാണ് കേരളാ ഘടകം ഹൈക്കമാന്റിന് മുന്നില്‍ പരാതിയായി ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും രാഹുല്‍ഗാന്ധിയെ കണ്ട് വിഷയം പറഞ്ഞെങ്കിലും തല്ക്കാലം ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലിന് ഹൈക്കമാന്റിന് താല്‍പ്പര്യക്കുറവുണ്ട്. പ്രതിപക്ഷ ഐക്യത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ദേശീയ തലത്തില്‍ ഉന്നയിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പോലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നതില്‍ സിപിഎം ദേശീയ നേതൃത്വവും നിസ്സഹായരാണ്. കേരളത്തിലെ സിപിഎം-കോണ്‍ഗ്രസ് പോര് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
തെലങ്കാനയില്‍ ബിആര്‍എസിനെ പിളര്‍ത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതും പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണ്. 35 ബിആര്‍എസ് നേതാക്കളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ പ്രവേശിച്ചത്. മുന്‍ എംപി പൊന്ഗുലതി ശ്രീനിവാസ റെഡ്ഡിയുടെയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവിന്റെയും നേതൃത്വത്തില്‍ ബിആര്‍എസ് ചെറുതായി പിളര്‍ന്നുകഴിഞ്ഞു. മുന്‍ എംഎല്‍എമാരടക്കമാണ് ബിആര്‍എസ് വിട്ടത്. തെലങ്കാനയില്‍ മുഖ്യകക്ഷിയായി ഉയര്‍ന്നുവരുന്ന ബിജെപിയുടെ സാധ്യതകളെ ശക്തമാക്കുന്നതാണ് ഈ പിളര്‍പ്പ്.
യാതൊരു ഐക്യവുമില്ലാത്ത അസംതൃപ്തരുടെ കൂട്ടം എന്നാണ് ബിജെപി ദേശീയ നേതൃത്വം പ്രതിപക്ഷ സഖ്യത്തെ വിശേഷിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഎസ്പി നേതാവ് മായാവതിയും ഇല്ലാത്ത പ്രതിപക്ഷ യോഗത്തിനെന്തു പ്രസക്തിയെന്നാണ് ബിജെപിയുടെ പരിഹാസം. മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡയും ജെഡിഎസും പ്രതിപക്ഷകൂട്ടായ്മയില്‍ ഇല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ നേതാക്കളുടെ അസാന്നിധ്യം തന്നെ ബിജെപിക്കെതിരെ യോജിച്ച തെരഞ്ഞെടുപ്പ് പോരാട്ടം നടക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് സ്മൃതി ഇറാനി പറയുന്നു. സ്വാര്‍ത്ഥതയും അഴിമതിയുമാണ് പ്രതിപക്ഷ സഖ്യനേതാക്കളെ യോജിപ്പിച്ചു നിര്‍ത്തുന്ന ഘടകമെന്നും യാതൊരുവിധ പ്രത്യയശാസ്ത്ര ഐക്യവും അവര്‍ക്കിടയിലില്ലെന്നും ഇറാനി കുറ്റപ്പെടുത്തുന്നു. അടുത്ത പ്രതിപക്ഷ യോഗം ഷിംലയിലാണ്. അതിന് മുമ്പ് പ്രതിപക്ഷത്തെ എത്ര പാര്‍ട്ടികള്‍ കൂടി പ്രാദേശികമായി തമ്മില്‍ തല്ലി വേര്പിരിയുമെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: