തിരുവാര്‍പ്പ്(കോട്ടയം): സിഐടിയുക്കാര്‍ കൊടികുത്തിയാലൊന്നും സൈനികനായിരുന്ന തന്റെ പോരാട്ട വീര്യം ചോര്‍ന്നുപോകില്ലെന്ന് വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹന്‍ കൈമള്‍. 17-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നതാണ് .
17 വര്‍ഷം സിഗ്നല്‍സ് ഇന്റലിജന്‍സില്‍ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷം ദുബായില്‍ സെക്യൂരിറ്റി ഓഫീസറായി. അപ്പോഴും പഠനം തുടര്‍ന്നു. മാനേജ്‌മെന്റിന്റെ വിവിധ കോഴ്‌സുകള്‍ പാസായി. വിവിധ കമ്പനികളില്‍ ജനറല്‍ മാനേജറായും ഡയറക്ടറായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജീവിതത്തില്‍ മുന്നേറുന്നതിനൊപ്പം ആശ്രയമറ്റവരേയും ചേര്‍ത്തുപിടിക്കുന്നതിനായി തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കി വച്ചു. സ്ഥലമില്ലാത്തതിന്റെ പേരില്‍ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം വീട് അനുവദിച്ച് കിട്ടാത്ത 50 കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 40 സെന്റ് സ്ഥലം സൗജന്യമായി തിരുവാര്‍പ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. ~ാറ്റ് സമുച്ചയം നിര്‍മിക്കണമെന്ന വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നതിന് ധാരണയായത്. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ടില്ലെന്ന കാരണമാണ് അധികൃതര്‍ പറയുന്നതെന്ന് രാജ്‌മോഹന്‍ പറയുന്നു.
ഇപ്പോള്‍ വെട്ടിക്കുളങ്ങര ബസ് സര്‍വീസുമായി ബന്ധപ്പെട്ട് സിഐടിയു നടത്തിയ സമരം നോട്ടീസ് പോലും നല്കാതെയാണ്. ജില്ലാ ലേബര്‍ ഓഫീസര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇവര്‍ക്കൊന്നും നോട്ടീസ് നല്കിയിട്ടില്ല. ഉടമയെന്ന നിലയില്‍ തന്നേയും അറിയിച്ചിരുന്നില്ലെന്ന് രാജ്‌മോഹന്‍ പറഞ്ഞു. ജൂണ്‍ 16ന് വൈകിട്ടാണ് ബസില്‍ കൊടികുത്തും എന്ന് സിഐടിയുക്കാര്‍ വിളിച്ചറിയിച്ചത്.
റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നാല് ബസുകളിലും ജീവനക്കാര്‍ക്ക് ജോലി നല്കാം എന്ന നിര്‍ദേശവും ലേബര്‍ ഓഫീസര്‍ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ മുന്നോട്ട് വച്ചിരുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ കളക്ഷന്‍ ബസ് സര്‍വീസുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും രാജ്‌മോഹന്‍ പറഞ്ഞു. കാലുവെട്ടും കൈവെട്ടും എന്നൊക്കെയുള്ള സിഐടിയുക്കാരുടെ ഭീഷണിയുള്ളതിനാല്‍ തന്റെ ബസില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ ജീവനക്കാര്‍ക്കും ഭയമാണെന്ന് രാജ്‌മോഹന്‍ ജന്മഭൂമിയോട് പറഞ്ഞു.
സിപിഎം പ്രാദേശിക നേതാവ് കെ.ആര്‍. അജയന്റെ കോടതിയലക്ഷ്യ നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റാണ്. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ്, ഏറ്റുമാനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: