ആധുനിക അർദ്ധചാലക ആവാസവ്യവസ്‌ഥയുടെ അനുപേക്ഷണീയ ഘടകങ്ങളിലൊന്നായ 40 നാനോ മീറ്റർ ചിപ്പുകൾ താമസിയാതെ ഇന്ത്യയിൽ നിർമ്മിച്ച് തുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വൈദ്യുത ഉപഭോഗം കാര്യമായി കുറക്കുകയും എന്നാൽ പ്രവർത്തന കാര്യക്ഷമത ഏറെ വർധിപ്പിക്കുകയും ചെയ്യുന്നവയാണ് 40 നാനോ മീറ്റർ ചിപ്പുകൾ.
ഏഷ്യയിൽ നിന്നുള്ളവയടക്കം വിവിധ ലോകരാഷ്‌ട്രങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ സെമികണ്ടക്റ്റർ വ്യവസായത്തിൽ പ്രവേശിക്കുകയും ഇതിനോടകം തന്നെ ഈ രംഗത്ത് ഏറെ മുന്നോട്ട് പോവുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ത്യ അർദ്ധചാലക വ്യവസായ മേഖലയിലേക്ക് കടക്കുന്നത് തന്നെ 2021-ൽ ആണ്. എന്നാൽ കേവലം 18 മാസങ്ങൾക്കുള്ളിൽ രാജ്യത്ത് ഒരു അർദ്ധചാലക ഒരു പാക്കേജിംഗ് പ്ലാന്റ് സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞു. അതിനു പുറമെ സെമികണ്ടക്റ്റർ മേഖലയിൽ 85,000 വിദഗ്‌ദ്ധരായ എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുന്നത് മുതൽ ഈ മേഖലയിലെ തുടർ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കായി ഒരു സെമികണ്ടക്റ്റർ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് വരെയുള്ള നിരവധി പദ്ധതികൾ ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്‌ഥയിൽ ഇടം പിടിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെത്തുടർന്ന് ചിപ്പ് വ്യവസായത്തിലെ ആഗോള പ്രമുഖരായ മൈക്രോൺ ഇന്ത്യയിൽ തങ്ങളുടെ നിർമ്മാണമാരംഭിക്കുന്നത് ഈ രംഗത്ത് കൂടുതൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ആവിർഭാവത്തിനു വഴിയൊരുക്കും, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: