പാലക്കാട് : പാലക്കാട് സിപിഎമ്മിനുള്ളില്‍ വിഭാഗീയതയില്‍ നാല് പേരെ ഒഴിവാക്കി. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇവരെ പിരിച്ചുവിട്ടതെന്നാണ് സൂചന. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരാനിരിക്കേയാണ് നടപടി.
പാലക്കാട് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് കാരണം ജില്ലയിലെ വിഭാഗീയതക്ക് നേതൃത്വം നല്‍കിയത് സെക്രട്ടറിയറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ. ചന്ദ്രന് ജില്ലാ കമ്മറ്റി അംഗം ചാമുണ്ണി എന്നിവരാന്നെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
കാരണം കാണിക്കല്‍ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കില്‍ മൂന്ന് പേര്‍ക്കുമെതിരെ അടുത്തതായി അച്ചടക്ക നടപടിയും ഉണ്ടാകും. സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ. ചന്ദ്രന് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മറ്റി അംഗം കെ. ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്കും തരം താഴ്ത്തുമെന്നാണ് സൂചനകള്‍. അതിനിടെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അഞ്ച് പേരെ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. കഴിഞ്ഞ സമ്മേളന കാലത്ത് തന്നെ പാലക്കാട് സിപിഎം നേതൃത്വത്തിനുള്ളില്‍ വിഭാഗീയത ഉടലെടുത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. വിഭാഗീയത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ അച്ചടക്ക നടപടികള്‍ സംബന്ധിച്ചും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്കുശേഷമുള്ള ജില്ലാ കമ്മറ്റി യോഗത്തിലും നടപടികള്‍ വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: