കൊച്ചി: അടിയന്തരാവസ്ഥവിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയിലൂടെ ഭരണഘടന അട്ടിമറിക്കുകയായിരുന്നു കോണ്‍ഗ്രസ്. ലക്ഷക്കണക്കിന് യുവജനങ്ങളെ ജയിലിലടച്ചു. സഹനസമരത്തിന്റെ കനല് വഴിയിലൂടെ ആര്‍എസ്എസ് ആ സമരം ഏറ്റെടുത്തു. ഇന്നും അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ രാജ്യമെമ്പാടുമുണ്ട്.
ഫാസിസ്റ്റ് ഭീകരവാഴ്ചയാണ് അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി നടത്തിയത്. അടിയന്തരാവസ്ഥവിരുദ്ധ സമരം പാഠ്യവിഷയമാക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ 48-ാം വാര്‍ഷികത്തില്‍ ജനാധിപത്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ പാവക്കുളം ക്ഷേത്രഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന് അധ്യക്ഷനായി. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് പി.ആര്. ശശിധരന്, മുതിര്‍ന്ന പത്രപ്രവര്ത്തകന് പി. രാജന്, അടിയന്തരാവസ്ഥ സമരനായികമാരായ സീതാലക്ഷ്മി, മായാദേവി, അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജനറല്‍ സെക്രട്ടറി ആര്. മോഹനന്, ടി. സതീശന്, ഇ.എന്‍. നന്ദകുമാര്‍, കെ.പി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. 32 സമരസേനാനികളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: