ജ്യോതിഷഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പതിനെട്ടെണ്ണം ഏകരാശിയില്‍ വരുന്നു. അവയെ അഖണ്ഡ നക്ഷത്രം, മുഴുനാളുകള്‍ എന്നെല്ലാം വിളിക്കുന്നു. ശേഷിക്കുന്ന ഒമ്പതെണ്ണം ദ്വിരാശികളില്‍/രണ്ടു രാശികളില്‍ ഉള്‍പ്പെടുന്നു. അവയെയാണ് ഖണ്ഡനക്ഷത്രം, മുറിനാളുകള്‍ എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്.
ഇരുരാശി നക്ഷത്രങ്ങള്‍ കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി എന്നിവ ഒമ്പതുമത്രേ! അവ ഖണ്ഡമാകുന്നതിന്, അങ്ങനെ മുറിഞ്ഞ് ഇരുരാശികളാവുന്നതിന് ഒരു പ്രത്യേകരീതി കാണാനാവും.
കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നിവ 1:3 അനുപാതത്തിലാണ് മുറിയുക. ഒന്നാം പാദം ഒരു രാശിയില്‍, ശേഷിക്കുന്ന മൂന്ന് പാദങ്ങള്‍ അടുത്ത രാശിയില്‍. മകയിരം, ചിത്തിര, അവിട്ടം എന്നിവ മൂന്നും തുല്യമായി മുറിയുന്നു. രണ്ട് പാദങ്ങള്‍ വീതം, അഥവാ 2:2 എന്ന ക്രമത്തില്‍.
പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നിവയാകട്ടെ മുക്കാലും കാലുമായി പിരിയുന്നു. അതായത് 3:1 എന്ന ക്രമത്തില്‍.
സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ നാഥന്മാരായിട്ടുള്ള നക്ഷത്രങ്ങളാണ് ഇവ ഒമ്പതും. ഈ ഗ്രഹങ്ങള്‍ മൂന്നും നവഗ്രഹങ്ങളിലെ മൂന്നേമൂന്ന് പുരുഷ ഗ്രഹങ്ങളുമാണ്. ശേഷിക്കുന്ന ആറ് ഗ്രഹങ്ങള്‍ സ്ത്രീ, നപുംസകവിഭാഗത്തിലായി വരുന്നു എന്നത് ഓര്‍മ്മിക്കാം.
മുറിനക്ഷത്രങ്ങള്‍ മൂന്ന് വീതം സൃഷ്ടി, സ്ഥിതി, സംഹാരങ്ങളിലായി വരുന്നു. കാര്‍ത്തിക, ഉത്രം, ഉത്രാടം സംഹാര നക്ഷത്രങ്ങള്‍ (കടനാള്‍). മകയിരം, ചിത്തിര, അവിട്ടം എന്നിവ സ്ഥിതി നക്ഷത്രങ്ങള്‍ (എടനാള്‍). പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നിവ മൂന്നും സൃഷ്ടി നക്ഷത്രങ്ങളും (തലനാള്‍). മുറിനക്ഷത്രങ്ങളില്‍ കാര്‍ത്തിക, മകയിരം, പുണര്‍തം, ചിത്തിര, അവിട്ടം എന്നിവ അഞ്ചും സ്ത്രീ നക്ഷത്രങ്ങള്‍. പ്രത്യേകിച്ച് പറയേണ്ടതില്ല, ശേഷിക്കുന്നവ നാലും പുരുഷ നക്ഷത്രങ്ങള്‍.
ഇനി അവയുടെ ഗണം വിചിന്തനം ചെയ്യാം. കാര്‍ത്തിക, ചിത്തിര, വിശാഖം, അവിട്ടം എന്നിവ നാലും അസുരഗണത്തിലും മകയിരം, പുണര്‍തം എന്നിവ രണ്ടും ദേവഗണത്തിലും ശേഷിക്കുന്ന ഉത്രം, ഉത്രാടം, പൂരുരുട്ടാതി എന്നിവ മൂന്നും മനുഷ്യഗണത്തിലും വരുന്നു.
മുറി നക്ഷത്രങ്ങളില്‍ കാര്‍ത്തിക, മകയിരം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, പൂരുരുട്ടാതി എന്നിവ ഏഴും കുല നക്ഷത്രങ്ങള്‍ എന്ന വിഭാഗത്തില്‍ വരുന്നു. ഈ നക്ഷത്രങ്ങളില്‍ പൗര്‍ണമി സംഭവിക്കുന്നു. തന്മൂലം പ്രസ്തുത നക്ഷത്രങ്ങളുടെ പേര് ആ മാസത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്നു.
കാര്‍ത്തികം, മൃഗശീര്‍ഷം, ഫാല്‍ഗുനി, ചൈത്രം, വൈശാഖം, ആഷാഢം, ഭാദ്രപദം എന്നീ ചാന്ദ്രമാസങ്ങള്‍ക്ക് എന്നിങ്ങനെ പേരുകള്‍ ലഭിക്കാന്‍ മുകളിലത്തെ ഖണ്ഡികയില്‍ പറഞ്ഞ കുലനക്ഷത്രങ്ങളാണ് കാരണം.
ഖണ്ഡനക്ഷത്രം അഥവാ മുറിനാളുകള്‍ ഇത്തരം പല വിചിന്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. ഇനിയുമുണ്ട് പര്യാലോചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: